സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് നല്‍കിയത് മൃഗങ്ങള്‍ക്കുള്ള ഗ്ലൂക്കോസ്

Posted on: August 1, 2015 4:36 am | Last updated: August 1, 2015 at 12:36 am
SHARE

റെയ്‌സന്‍ (എം പി): സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിക്ക് നല്‍കിയത് മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്ന്. രോഗിയുടെ കൂടെ പരിചരിക്കാനുണ്ടായിരുന്നയാള്‍ ഇക്കാര്യം തിരിച്ചറിഞ്ഞതോടെ ആശുപത്രിയില്‍ ബഹളമായി. മധ്യപ്രദേശിലെ റെയ്‌സന്‍ ജില്ലാ ആശുപത്രിയിലാണ് സംഭവം.
അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെ പുരുഷന്മാരുടെ വാര്‍ഡിലാണ് രോഗിയായ മുന്നാ ഭായിയെ പ്രവേശിപ്പിച്ചത്. ക്ഷീണിതനായതു കൊണ്ട് ഇയാള്‍ക്ക് ഗ്ലൂക്കോസ് നല്‍കിയിരുന്നു. ഡ്രിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൂടെയുണ്ടായിരുന്ന പരിചാരകന്‍ ഒരു കാര്യം ശ്രദ്ധിച്ചത്- മുന്നക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് മൃഗങ്ങള്‍ക്ക് നല്‍കാനുള്ള ഗ്ലൂക്കോസ് ആണെന്ന്. ഇക്കാര്യം ഗ്ലൂക്കോസ് കുപ്പിയില്‍ വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. കുപിതനായ പരിചാരകന്‍ ചാടിയെണീറ്റ് ബഹളം തുടങ്ങി. കാര്യം മനസ്സിലായ മറ്റുള്ളവരും കൂടെക്കൂടി. ആശുപത്രി ബഹളമയമായി.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് റെയ്‌സണ്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഉംറാവു സിംഗ് മരാവി അറിയിച്ചു.
മുന്നാ ഭായിക്ക് നല്‍കിയത് മൃഗങ്ങള്‍ക്ക് നല്‍കാനുള്ള ഗ്ലൂക്കോസ് തന്നെയായിരുന്നു. എങ്ങനെയാണ് ഈ ഗ്ലൂക്കോസ് കുപ്പി ആശുപത്രിയില്‍ എത്തിയതേക്കുറിച്ചും രോഗിക്ക് നല്‍കിയതേക്കുറിച്ചും അന്വേഷിക്കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.