ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയം യാഥാര്‍ഥ്യമായി

Posted on: August 1, 2015 4:33 am | Last updated: August 1, 2015 at 12:34 am

ഗുവാഹത്തി: ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരമുള്ള പ്രദേശങ്ങളുടെ കൈമാറ്റം പ്രാബല്യത്തില്‍ വന്നു. ഇതോടെ, വിഭജനത്തിന് ശേഷമുള്ള 68 വര്‍ഷത്തെ ചര്‍ച്ചകള്‍ക്കാണ് അവസാനമായിരിക്കുന്നത്. ഇരു രാജ്യങ്ങളിലുമുള്ള 162 പ്രദേശങ്ങളുടെ കൈമാറ്റമാണ് കഴിഞ്ഞ അര്‍ധരാത്രിയോടെ സാധ്യമായത്.
കരാര്‍ പ്രാവര്‍ത്തികമായതോടെ 14,000 പേര്‍ക്കാണ് പുതുതായി ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. 37000 പേര്‍ ബംഗ്ലാദേശ് പൗരത്വത്തിലേക്ക് മാറും. ഇന്ത്യയുടെ ഭാഗമായിരിക്കെ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരിക്കുകയും ബംഗ്ലാദേശിന്റെ ഭാഗമായിരിക്കെ ഇന്ത്യന്‍ അതിര്‍ത്തിയില്‍പ്പെടുകയും ചെയ്ത പ്രദേശങ്ങളാണ് കൈമാറിയത്.
ഇനി മുതല്‍ ഈ ഗ്രാമങ്ങള്‍ അതാത് രാജ്യത്തിന്റെ പൊതുഭരണ സംവിധാനത്തിന്‍ കീഴിലായിരിക്കും. കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ മെയില്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് പാസാക്കിയിരുന്നു. അസം, പശ്ചിമബംഗാള്‍, ത്രിപുര, മേഘാലയ സംസ്ഥാന അതിര്‍ത്തികളാണ് പുനര്‍നിര്‍ണയിച്ചത്. ഇതനുസരിച്ച് 111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്ലാദേശിനും 51 എണ്ണം ബംഗ്ലാദേശ് ഇന്ത്യക്കും കൈമാറി. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം ലഭിച്ചപ്പോള്‍ ബംഗ്ലാദേശിന് 10,000 ഏക്കര്‍ ഭൂമിയാണ് ലഭിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ജൂണിലാണ് പ്രദേശങ്ങള്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. 2,540 മൈല്‍ വിസ്തൃതിയിലുള്ള അതിര്‍ത്തി പ്രദേശങ്ങള്‍ പരസ്പരം കൈമാറുന്നത് സംബന്ധിച്ച യഥാര്‍ഥ കരാര്‍ ഉണ്ടാക്കിയത് 1974ലാണ്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ബാംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് മുജീബുര്‍റഹ്മാനുമാണ് ഈ കരാറില്‍ ഒപ്പിട്ടത്.