അംഗീകരിക്കാവുന്നതല്ല, വെറുപ്പ്

Posted on: July 31, 2015 5:22 pm | Last updated: July 31, 2015 at 5:22 pm

Dahi-Khalfan-Tamim1‘വിമര്‍ശനം സ്വീകാര്യം, പക്ഷേ വെറുപ്പ് അംഗീകരിക്കാവുന്നതല്ല’- ദുബൈ സുരക്ഷാ മേധാവി ലഫ്. ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീമിന്റെ വാക്കുകളാണിത്.
സഊദി അറേബ്യന്‍ എഴുത്തുകാരന്‍ ഡോ. മുഹമ്മദ് അല്‍ ഹാദിഫിന്റെ, യു എ ഇ വിരുദ്ധ പരാമര്‍ശങ്ങളാണ്, ദാഹി ഖല്‍ഫാന്റെ തെളിമയാര്‍ന്ന അഭിപ്രായത്തിന്റെ പശ്ചാത്തലം.
മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പാതയില്‍ സഞ്ചരിക്കുന്നയാളാണ് ഡോ. മുഹമ്മദ് അല്‍ ഹാദി. അറബ് ലോകത്ത്, തീവ്രവാദ ചിന്തകള്‍ക്കും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും അടിസ്ഥാന കാരണക്കാരായ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഓരത്തു നില്‍ക്കുമ്പോള്‍ യു എ ഇ പോലുള്ള രാഷ്ട്ര സംവിധാനത്തെ കുറ്റപ്പെടുത്തുന്നതിലെ ചേതോ വികാരം ഏവര്‍ക്കും മനസിലാകും. കുളം കലക്കി മീന്‍ പിടിക്കുകയാണ് ലക്ഷ്യമെന്ന് തിരിച്ചറിയും. എന്നാല്‍ നിതാന്തമായ വെറുപ്പിലേക്കും അസഹിഷ്ണുതയിലേക്കും നയിക്കപ്പെട്ടാല്‍, യു എ ഇക്ക് നടപടി സ്വീകരിക്കാതെ വയ്യ.
ഹാദിഫിനെ പിടികൂടുമെന്നും വിചാരണ ചെയ്യുമെന്നും ദാഹിഖല്‍ഫാന്‍ വ്യക്തമാക്കി. യു എ ഇ പുതുതായി ആവിഷ്‌കരിച്ച വിവേചന നിരോധ നിയമ പ്രകാരമാണ് നടപടി. കുറ്റം തെളിയിക്കപ്പെട്ടാല്‍ ഹാദിഫിന് പത്തു വര്‍ഷം വരെ തടവ് ലഭിക്കും.
തീവ്രവാദ ചിന്തകളും ഭീകരതയുമാണ് മധ്യപൗരസ്ത്യ ദേശം നേരിടുന്ന വലിയ വെല്ലുവിളി. അവ ഭരണകൂടങ്ങളെ മാത്രമല്ല, അപകടത്തിലാക്കുന്നത്. ജനങ്ങളെ മുഴുവന്‍ നിതാന്ത ദുരിതത്തിലാഴ്ത്തുന്നു. ഇറാഖിലും സിറിയയിലും അതിന്റെ മൂര്‍ത്ത രൂപം കണ്ടു. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകള്‍ ഭവന രഹിതരായി. ജനങ്ങള്‍ക്ക് വേണ്ടാത്തത്, അടിച്ചേല്‍പിക്കപ്പെടുമ്പോള്‍, പ്രതിരോധിക്കാന്‍ കെല്‍പുള്ള ഭരണകൂടം ഇല്ലാതായതാണ് ഇറാഖിലും സിറിയയിലും ഇത്ര ദാരുണമായ അവസ്ഥക്ക് കാരണം.
മുസ്‌ലിം ബ്രദര്‍ഹുഡ് ലക്ഷ്യമിടുന്ന ഭരണ വ്യവസ്ഥ, തീര്‍ച്ചയായും അറബ് സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും സ്വീകാര്യമല്ല. അത് ഈജിപ്തിലും ടുണീഷ്യയിലും തെളിയിക്കപ്പെട്ടതാണ്. കുറഞ്ഞ കാലം കൊണ്ടുതന്നെ മുസ്‌ലിം ബ്രദര്‍ഹുഡിനെ അവിടുത്തെ ജനങ്ങള്‍ക്ക് മടുത്തു.
പരാജയപ്പെട്ട അത്തരം വിചാരധാരകളെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൊണ്ടുവരാന്‍ ചിലര്‍ ഔത്സ്യുക്യം കാണിക്കുന്നു. അതിലൊരാളാണ് ഹാദിഫ്. ഉത്തരവാദിത്തമുള്ള ഭരണകൂടം അതിനെ ചെറുക്കും. സഊദി അറേബ്യ, യു എ ഇ തുടങ്ങിയ ജി സി സി രാജ്യങ്ങള്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്.
ഭരണകൂടത്തിനെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നതില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് മുന്‍പന്തിയില്‍. അതില്‍ ചില ശുദ്ധാത്മാക്കള്‍ വീണു പോകും. ഇരുട്ടിന്റെ മറവില്‍ സംഘടിപ്പിച്ചാണ് അവരെ തീവ്രവാദ വഴിയിലേക്ക് നയിക്കുന്നത്. ചിലര്‍ക്ക് മാനസിക വിഭ്രാന്തി കൈവരും. അബുദാബി റീം ഐലന്റില്‍ ഒരു സ്ത്രീ പാശ്ചാത്യ വനിതയെ കൊലപ്പെടുത്തിയത് അത്തരമൊരു മാനസികാവസ്ഥയിലാണ്.
തീവ്രവാദ ചിന്തകള്‍ക്കെതിരെ വിവിധ തലങ്ങളില്‍ ഭരണകൂടം ഇടപെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദാഹി ഖല്‍ഫാന്റെ പ്രസ്താവന. യു എ ഇയുടെ സാമൂഹികാവസ്ഥക്ക് അനുരൂപമായ ഭരണകൂടമാണ് ഇപ്പോഴുള്ളത്. വിവിധ തത്വ സംഹിതകളെ ഉള്‍ക്കൊള്ളുന്ന, വിശാല മനസ്‌കതയുള്ള ഭരണാധികാരികളാണ് ഇവിടെയുള്ളത്. പുതിയ ലോക സാഹചര്യങ്ങളെ അവര്‍ സാകൂതം വീക്ഷിക്കുന്നു. ജനങ്ങളുടെ സുരക്ഷക്കും ക്ഷേമത്തിനും കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. അത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗുണം ചെയ്യുന്നു. സമാധാന പൂര്‍ണമായ അത്തരം സാഹചര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ തുറന്നു കാട്ടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതാണ് ദുബൈ ഭരണകൂടം ചെയ്യുന്നത്.
കെ എം എ