എ ജി ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതി വിമര്‍ശം

Posted on: July 31, 2015 4:29 pm | Last updated: August 1, 2015 at 11:23 am
SHARE

kerala-high-courtഎറണാകുളം: അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് നടത്താന്‍ സര്‍ക്കാറിന് താല്‍പര്യമില്ലെന്ന് കോടതി വിമര്‍ശിച്ചു. നേരത്തെ എ ജി ഓഫീസിനെ വിമര്‍ശിച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് തന്നെയാണ് വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.

നാല് കേസുകളിലെ നടത്തിപ്പില്‍ എ ജി ഓഫീസിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് നിര്‍ദേശിച്ചു. മേലുദ്യോഗസ്ഥരോട് അഭിപ്രായം ചോദിക്കാതെ രണ്ടാഴ്ച്ചക്കകം റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുത്.

കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ ശക്തമായ കെടുകാര്യസ്ഥത തുടരുകയാണ്. നാലു തവണ വസ്തുതകള്‍ പരിശോധിച്ച് നല്‍കാന്‍ നിര്‍ദേശിച്ചിട്ടും എ ജി ഓഫീസ് അതു ചെയ്തിട്ടില്ല. ഇങ്ങനെ മുന്നോട്ടു പോയാല്‍ ശരിയാവില്ല. ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയെ അമിക്കസ് ക്യൂറിയായി നിയമിച്ച് പരിശോധിക്കേണ്ടിവരുമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് മുന്നറിയിപ്പ് നല്‍കി.

ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ എ ജി ഓഫീസ് അടച്ചു പൂട്ടുന്നതാണ് നല്ലതെന്നു കഴിഞ്ഞാഴ്ച്ച ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് വിമര്‍ശിച്ചിരുന്നു. അഭിഭാഷകര്‍ അബ്കാരികളുടെ ബിനാമികളാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.