Connect with us

Kerala

മര്‍കസ് നോളജ് സിറ്റി: പരാതിക്ക് പിന്നില്‍ സംഘടനാ വിദ്വേഷം: ഹരിത ട്രൈബ്യൂണല്‍

Published

|

Last Updated

ചെന്നൈ: മര്‍കസ് നോളജ് സിറ്റിക്കെതിരെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കിയതിനു പിന്നില്‍ പ്രാദേശിക മതസംഘടനാ വിദ്വേഷമാണെന്ന് തിരിച്ചറിയുന്നതായി ചെന്നൈ ഹരിത ടൈബ്രൂണല്‍. നോളജ് സിറ്റി എജ്യുക്കേഷനല്‍ സോണ്‍ നിര്‍മാണത്തിനെതിരെ വടകര സ്വദേശി കെ സവാദ് നല്‍കിയ പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ടൈബ്രൂണല്‍ ജഡ്ജി ഇത്തരത്തില്‍ പ്രതികരിച്ചത്. ഈ കേസിലെ പരാതിക്കാരനും അയാളുടെ അഭിഭാഷകനും ഒരു ചട്ടുകം മാത്രമാണെന്ന് കെ സവാദിന്റെ അഭിഭാഷകന്‍ പറഞ്ഞിരുന്നതായും ജഡ്ജി വെളിപ്പെടുത്തി. ഇതേ കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും കാലിക്കറ്റ് ലാന്‍ഡ് മാര്‍ക്കിനുമെതിരായി പുറപ്പെടുവിച്ചിരുന്ന ഇടക്കാല സ്റ്റേ ഉത്തരവ് കോടതി ഈയിടെ നീക്കം ചെയ്തിരുന്നു. കേസിന്റെ അന്തിമവാദം കേള്‍ക്കുന്ന ഇന്നലെ പരാതിക്കാരനോ അയാളുടെ അഭിഭാഷകനോ കോടതിയില്‍ ഹാജരായില്ല.
നോളജ് സിറ്റി നിര്‍മാണത്തിനായി കുന്നിടിച്ചുനിരത്തിയും മരങ്ങള്‍ മുറിച്ചുമാറ്റിയും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതായി പരാതിക്കാരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയല്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ കോടതിയില്‍ അറിയിച്ചു. പദ്ധതിപ്രദേശം സന്ദര്‍ശിച്ചു പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നിയമവിരുദ്ധമായ ഒന്നും അവിടെ നടക്കുന്നില്ലെന്നും പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ ഭാഗത്തു നിന്ന് യാതൊരു തടസ്സങ്ങളില്ലെന്നും എം ഒ ഇ എഫ് റീജ്യനല്‍ ഡയറക്ടര്‍ ഡോ. എസ് കെ സുസര്‍ല കോടതിയെ അറിയിച്ചു. കേസ് വിധി പറയുന്നതിനായി മാറ്റിവെച്ചു. മര്‍കസ് നോളജ് സിറ്റിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. എ ആര്‍ സുന്ദരേശന്‍ ഹാജരായി.

Latest