പഞ്ചാബ് ആക്രമണം: തീവ്രവാദികള്‍ വന്നത് പാക്കിസ്ഥാനില്‍ നിന്ന്: രാജ്‌നാഥ് സിംഗ്

Posted on: July 30, 2015 6:22 pm | Last updated: July 30, 2015 at 10:50 pm

panjab attackന്യൂഡല്‍ഹി: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ച തീവ്രവാദികള്‍ വന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇത്തരം വെല്ലുവിളികളെ രാജ്യം ശക്തമായി നേരിടും. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തടയാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു.

ഭീകരരെ വധിച്ച സ്ഥലത്തു നിന്ന് രണ്ട് ജി പി എസുകള്‍ കണ്ടെത്തിയിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നും മനസിലാകുന്നത് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറിയെന്നാണ്. രവിനദി കടന്ന് ഗുര്‍ദാസ്പൂരിലെ താഷ് വഴിയാണ് മൂന്നു ഭീകരരും ഇന്ത്യയിലെത്തിയത്. ഇതേ ഭീകരര്‍ തന്നെയാണ് സ്‌ഫോടക വസ്തുക്കള്‍ റയില്‍വേ ട്രാക്കില്‍ സ്ഥാപിച്ചതും. സംഭവസ്ഥലത്തുനിന്നും രാത്രി ദൃശ്യങ്ങള്‍ ലഭ്യമാകുന്ന ഉപകരണം കണ്ടെടുത്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മൂന്നു ഭീകരര്‍ ഗുര്‍ദാസ്പൂരില്‍ ആക്രമണം നടത്തിയത്. 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മൂന്നു ഭീകരരെയും വധിച്ചു. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഭീകരരും ഉള്‍പ്പെടെ പത്തു പേര്‍ കൊല്ലപ്പെട്ടിരുന്നു.