Connect with us

Gulf

യു എ ഇ ലോകത്ത് രണ്ട് ലക്ഷം അനാഥകളെ സംരക്ഷിക്കുന്നെന്ന് ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: അനാഥകളെയും അശരണരെയും പരിപാലിക്കുന്നതില്‍ യു എ ഇ ഒരു പടി മുന്നിലാണെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു. യു എ ഇയുടെ അന്താരാഷ്ട്ര തലത്തിലെ മാനുഷിക പ്രവര്‍ത്തനങ്ങളെ വിലയിരുത്തവെയാണ് ശൈഖ് മുഹമ്മദ് ഇങ്ങനെ പ്രസ്താവിച്ചത്.
ലോകത്തെവിടെയുമുള്ള അനാഥകളും അഗതികളുമായവരെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഉള്‍പെടുത്തുന്നതിനാവശ്യമായ ചില നിര്‍ദേശങ്ങളും ശൈഖ് മുഹമ്മദ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കി. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടു ലക്ഷം അനാഥകള്‍ യു എ ഇയുടെ കാരുണ്യത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ലോകത്ത് മൊത്തമുള്ള അനാഥകളുടെ മൂന്ന് ശതമാനം വരുമിതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഭരണനേതൃതലത്തിലും വികസന കാര്യത്തിലുമെല്ലാം ലോക രാജ്യങ്ങള്‍ക്കു മുമ്പില്‍ നില്‍ക്കുന്ന യു എ ഇ, സാമൂഹിക നവോത്ഥാന രംഗത്തും എല്ലാവരെയും മുമ്പിലെത്താന്‍ ശ്രമിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക, പൊതു സുരക്ഷാ ആരോഗ്യ, അടിസ്ഥാന സൗകര്യങ്ങളുടെ വിഷയങ്ങളിലെല്ലാം രാജ്യം ഏറെ മുമ്പോട്ടു കുതിക്കുകയാണ്, ശൈഖ് മുഹമ്മദ് അറിയിച്ചു. അനാഥകളെയും അശരണരെയും സംരക്ഷിക്കുന്ന കാര്യത്തിന് പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ശൈഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

Latest