ലണ്ടനില്‍ 1,500 കോടി നിക്ഷേപത്തില്‍ വി പി എസ് ഗ്രൂപ്പിന്റെ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി

Posted on: July 30, 2015 5:46 pm | Last updated: July 30, 2015 at 5:46 pm
SHARE

IMG_4462(1)അബുദാബി: ഗള്‍ഫ് മേഖലയിലെയും ഇന്ത്യയിലെയും പ്രമുഖ ഹെല്‍ത് കെയര്‍ കമ്പനിയായ വി പി എസ് ഗ്രൂപ്പ്, യൂറോപ്പ്യന്‍ മേഖലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ലണ്ടനില്‍ 1,500 കോടി രൂപ മുതല്‍മുടക്കി, അര്‍ബുദം ഉള്‍പടെയുള്ള രോഗ ചികില്‍സകള്‍ക്കു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കും. ലണ്ടന്‍ ഭരണാധികാരികളും വ്യവസായ-വാണിജ്യ-നയതന്ത്ര മേഖലയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങില്‍, വി പി എസ് ഹെല്‍ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്‌റുമായ ഡോ. ഷംസീര്‍ വയലില്‍, ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. ലണ്ടനിലെ ആരോഗ്യ മേഖലയില്‍ ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഇത്ര വലിയ നിക്ഷേപത്തോടെ, വന്‍കിട ആശൂപത്രി ആരംഭിക്കുന്നത്.
103 വര്‍ഷത്തെ പാരമ്പര്യവും രണ്ടാം ലോക മഹായുദ്ധത്തിലൂടെ ലണ്ടന്‍ ചരിത്രത്തില്‍ ഇടം നേടിയ പ്രമുഖ ആശൂപത്രി സമുച്ചയമായ റാവന്‍സ്‌കോര്‍ട്ട് പാര്‍ക്ക് ഹോസ്പിറ്റല്‍ ആണ്, ഇനി വി പി എസ് ഗ്രൂപ്പിന്റെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി മാറുക. രണ്ടാം ലോക മഹായുദ്ധത്തില്‍ പരുക്കേറ്റ പതിനായിരങ്ങളെ ഈ ആശൂപത്രിയിലാണ് ചികിത്സിച്ചിരുന്നത്. 1933 ല്‍ സ്ഥാപിച്ച ഹോസ്പ്പിറ്റല്‍, നേരത്തെ റോയല്‍ മസോണിക് ഹോസ്പിറ്റല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഈ ആശൂപത്രി 2017ല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴി, പ്രത്യക്ഷമായും പരോക്ഷമായും മലയാളികള്‍ ഉള്‍പടെ രണ്ടായിരം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. അര്‍ബുദ ചികില്‍സയിലെ ആധുനിക ചികില്‍സാ രീതിയായ പ്രോട്ടോണ്‍ ബീം ചികില്‍സാ സൗകര്യങ്ങളോടെയാണ് ആശൂപത്രി ആരംഭിക്കുന്നതെന്ന് ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അര്‍ബുദ രോഗികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഈ പദ്ധതി.
ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍, കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സ്വപ്‌ന പദ്ധതിയായ മെഡ് സിറ്റിയുടെ പൂര്‍ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. അതിനാല്‍, ആരോഗ്യ മേഖലക്ക് ഈ പദ്ധതി വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ച ലണ്ടന്‍ ഡപ്യൂട്ടി മേയര്‍ എഡ്‌വേര്‍ഡ് ലിസ്റ്റര്‍ പറഞ്ഞു.
ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ലണ്ടനിലെ യു എ ഇ സ്ഥാനപതി അബ്ദുര്‍റഹ്മാന്‍ ഘാനം അല്‍ മുതൈവി, ഇന്ത്യന്‍ ഡപ്യൂട്ടി ഹൈകമ്മീഷണര്‍ ഡോ. വീരേന്ദ്രപോള്‍, ലുലു ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ എം എ യൂസുഫലി, ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി, അറബ് മേഖലയിലെ രാജകുടുംബാംഗങ്ങള്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. ലണ്ടനിലെ സ്‌കോട്ട് ലാന്റ്‌യാര്‍ഡ് കെട്ടിടം ഈയിടെ എം എ യൂസുഫലി സ്വന്തമാക്കിയിരുന്നു. യൂസുഫലിയുടെ മകളുടെ ഭര്‍ത്താവാണ് ഡോ. ഷംസീര്‍.