എസ് എന്‍ ഡി പിയും ബി ജെ പിയും ധാരണയിലേക്ക്

Posted on: July 30, 2015 12:02 am | Last updated: July 29, 2015 at 11:55 pm

vellappallyന്യൂഡല്‍ഹി: എസ് എന്‍ ഡി പി യോഗവും ബി ജെ പിയും ധാരണയിലേക്ക്. ഇന്നലെ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധാരണയിലെത്താന്‍ തീരുമാനിച്ചത്. അമിത്ഷായുടെ വീട്ടില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. എസ് എന്‍ ഡി പി യോഗം ബിജെപിയോട് അടുക്കുന്നുവെന്ന കാര്യം നിഷേധിക്കില്ല, അതില്‍ എന്താണ് തെറ്റെന്നും അമിത്ഷായെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും ഒപ്പമുണ്ടായിരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രവര്‍ത്തന ശൈലി മാറ്റണം. എസ് എന്‍ ഡി പി ആരുടേയും വാലോ ചൂലോ അല്ല. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി. അവരെ തള്ളണമെന്ന് പറയാന്‍ ഭ്രാന്തുണ്ടോ? മറ്റു പാര്‍ട്ടികള്‍ ഏതെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ. എസ്എന്‍ഡിപി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നില്ല. എല്‍ഡിഎഫ് ഒരു സഹായവും നല്‍കിയിട്ടില്ല. ഉമ്മന്‍ ചാണ്ടി ചെറിയ സഹായം നല്‍കി. അടുത്തമാസം 15ന് ശേഷം കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ആരുമായും സഹകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ പറഞ്ഞിരുന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നിലപാട് അറിയിച്ചു. കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമെന്ന് അമിത് ഷായോട് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മറ്റു ജാതി സംഘടനകളുടെയും പിന്തുണ അറിയണമെന്ന് അമിത് ഷാ വെള്ളാപ്പള്ളിയോട് പറഞ്ഞു. അമിത് ഷായുടെ സംശയങ്ങള്‍ പരിശോധിക്കും. ഇതിനു ശേഷം ചര്‍ച്ച തുടരും. രണ്ട് മുന്നണിയില്‍ നിന്നും സാമൂഹിക നീതി കിട്ടിയില്ല. വിദ്യാഭ്യാസരംഗത്ത് ഒന്നും തന്നില്ല. ഇടതുപക്ഷത്തോടും യു ഡി എഫിനോടും നിലപാട് പ്രശ്‌നാധിഷ്ഠിതം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ ്എന്‍ ഡി പി യോഗം പിന്തുണച്ചാലും ബി ജെ പി കേരളത്തില്‍ ഉടന്‍ ശക്തിയാകില്ലെങ്കിലും ന്യൂനപക്ഷ പ്രീണനം ബി ജെ പിയെ വളര്‍ത്തുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ് എന്‍ ഡി പി യോഗത്തിന്റെ നിലപാട് ഇരുമുന്നണികളെയും ബാധിക്കും. കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു യോഗ്യരായ സ്ഥാനാര്‍ഥികളെ നല്‍കാനും പിന്തുണയ്ക്കാനും തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും വരെ സ്ഥാനാര്‍ഥികളെ തേടി എസ്എന്‍ഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ലെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട്.