യുവതി പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Posted on: July 29, 2015 7:24 pm | Last updated: July 30, 2015 at 12:14 am

praveenaകോഴിക്കോട്: മൊകവൂരില്‍ രണ്ടുവര്‍ഷം മുമ്പ് യുവതി പൊള്ളലേറ്റു മരിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊകവൂര്‍ സ്വദേശിനിയായ പ്രവീണയാണ് പൊള്ളലേറ്റു ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിലാണ് ഭര്‍ത്താവ് നിധീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊള്ളലേറ്റു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പതിനേഴാം ദിവസമാണ് യുവതി മരിച്ചത്. പുറത്തെ അടുപ്പിനടുത്ത് വെച്ചിരുന്ന പെട്രോളില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റാണ് മരിച്ചതെന്നായിരുന്നു ഭര്‍ത്താവ് നിധീഷ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഭര്‍ത്താവിനെ മാനസിക പീഡനത്തില്‍ മനംനൊന്താണ് പ്രവീണ ആത്മഹത്യ ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

പൊള്ളലേറ്റ് പതിനേഴ് ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും പ്രവീണയുടെ മൊഴിയെടുക്കാതിരുന്ന ലോക്കല്‍ പോലീസിനെതിരെ വകുപ്പ് തല നടപടിക്കും ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്യുന്നുണ്ട്. അന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.