Connect with us

National

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് മലയാളിയടക്കം ഒമ്പത് മരണം.

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ കല്യാണിനടുത്ത താക്കുര്‍ളിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പെടുന്നു. പന്തളം സ്വദേശിനി ഉഷ ഗുപ്തയാണ് മരണപ്പെട്ട മലയാളി. 46കാരിയായ ഉഷയുടെ ഭര്‍ത്താവ് ഗുപ്തന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 10.40 ഓടെയാണ് കെട്ടിടം തകര്‍ന്നു വീണത്. താനെ, കല്ല്യാണ്‍, ഭിവാന്‍ഡി, അംബര്‍നാഥ് എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തര സഹായ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. എന്‍ഡിആര്‍എഫിന്റെ ഒരു സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെയുണ്ട്. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കുന്നവരെ രക്ഷിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.
ചോറലാഗാവിലുള്ള “മാതൃകൃപ” എന്ന കെട്ടിടമാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്. നാല് മലയാളികുടുംബങ്ങള്‍ കെട്ടിടത്തില്‍ താമസിക്കുന്നുണ്ട്. 12 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 22 പേരെ നാട്ടുകാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടുത്തി. പത്ത് പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കെട്ടിടത്തിന്റെ പഴക്കമാണ് അപകടത്തിന് കാരണമായത്. കെട്ടിടം ഒഴിഞ്ഞുപോകാന്‍ കുടുംബങ്ങള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.