ഇനി മൂന്നാം അങ്കം

Posted on: July 29, 2015 9:38 am | Last updated: July 29, 2015 at 9:38 am
SHARE
പിറ്റര്‍ നെവില്ലും ബ്രാഡ് ഹാഡിനും പരിശീലനത്തില്‍
പിറ്റര്‍ നെവില്ലും ബ്രാഡ് ഹാഡിനും പരിശീലനത്തില്‍

ലണ്ടന്‍: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ഇന്ന് എഡ്ജ്ബാസ്റ്റണില്‍ തുടക്കം. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇരു ടീമുകളും ഒരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്. മൂന്നാം ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ ആധിപത്യം സ്ഥാപിക്കാനാകും ഇരു ടീമുകളുടെയും ശ്രമം. കാന്‍ഡിഫിലെ ആദ്യ ടെസ്റ്റില്‍ 169 റണ്‍സ് തോല്‍വി വഴങ്ങിയ ആസ്‌ത്രേലിയ ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കണക്കുതീര്‍ക്കുകയായിരുന്നു. 405 റണ്‍സിനാണ് രണ്ടാം ടെസ്റ്റില്‍ ഓസീസ് ആതിഥേയരെ തകര്‍ത്തുവിട്ടത്. ബാറ്റിംഗിലും ബൗളിംഗിലും ഇംഗ്ലണ്ട് നിര തകര്‍ന്നടിഞ്ഞു. എന്നാല്‍ തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാകും ഇംഗ്ലണ്ട് ഇറങ്ങുക.
എന്നാല്‍ പേസ് ബൗളര്‍ മാര്‍ക് വുഡിന് പരുക്കേറ്റത് ആതിഥേയര്‍ക്ക് തിരിച്ചടിയാകും. വുഡ് ഇന്ന് കളിക്കാനിടയില്ല. അതേ സമയം, പരുക്കേറ്റ ഓപണിംഗ് ബാറ്റ്‌സ്മാന്‍ ക്രിസ് റോജേഴ്‌സ് മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നത് ഓസീസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. റോജേഴ്‌സ് രണ്ടാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബ്രാഡ് ഹാഡിന്‍ മൂന്നാം ടെസ്റ്റിലും കളിക്കില്ല. രണ്ടാം ടെസ്റ്റില്‍ ഹാഡിന് പകരക്കാരനായി ഇറങ്ങിയ പീറ്റര്‍ നെവില്‍ തന്നെ വിക്കറ്റ് കാക്കാനിറങ്ങും. നെവിലിന്റെ പ്രകടനം ആസ്‌ത്രേലിയന്‍ ടീം മാനേജ്‌മെന്റിന്റെ മതിപ്പുളവാക്കിയതാണ് ഹാഡിന് തിരിച്ചടിയായത്. 37 പിന്നിട്ട ഹാഡിന്‍ കളത്തില്‍ അത്ര ശോഭിക്കാത്തതും യുവക്രിക്കറ്റര്‍ക്ക് തുണയായി. കരിയര്‍ അവസാനിപ്പിക്കാനുള്ള വ്യക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ മാനേജ്‌മെന്റ് ഹാഡിന് നല്‍കിയത്. കഴിഞ്ഞ ടെസ്റ്റിലേറ്റ ദയനീയ തോല്‍വി മറന്നുകഴിഞ്ഞതായി ഇംഗ്ലീഷ് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞു. ലോഡ്‌സില്‍ എന്ത് സംഭവിച്ചു എന്ന ഭയത്തോടെയല്ല തങ്ങള്‍ എഡ്ജ്ബാസ്റ്റണില്‍ കളിക്കാനിറങ്ങുക. ലോഡ്‌സില്‍ മോശമായാണ് കളിച്ചത്. ഇത് പുതിയ ആഴ്ചയാണ്- അദ്ദേഹം പറഞ്ഞു.
മിച്ചല്‍ ജോണ്‍സണും മിച്ചല്‍ സ്റ്റാര്‍ചും ഉള്‍പ്പെടുന്ന ഓസീസ് പേസ് നിര മികച്ച ഫോമിലാണെന്നത് ഇംഗ്ലണ്ടിന്റെ നെഞ്ചിടിപ്പേറ്റുന്നു. ജോണ്‍സന്റെ പേസ് അക്രമണത്തെ നേരിടാന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് ടീം വൈസ് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞു. എന്‍പത് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ ജോണ്‍സനാണ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. സാധ്യതാ ടീം: ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക് (ക്യാപ്റ്റന്‍), ആദം ലിത്ത്, ഇയാന്‍ ബെല്‍, ജോ റൂട്ട്, ജോണി ബെയ്ര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ടലര്‍ (വിക്കറ്റ് കീപ്പര്‍), മൊയീന്‍ അലി, സ്റ്റുവര്‍ട്ട് ബ്രോഡ്, മാര്‍ക് വുഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.
ആസ്‌ത്രേലിയ: ഡേവിഡ് വാര്‍ണര്‍, ക്രിസ് റോജേഴ്‌സ്, സ്റ്റീവന്‍ സ്മിത്ത്, മൈക്കല്‍ ക്ലാര്‍ക്ക് (ക്യാപ്റ്റന്‍), ആദം വോഗ്‌സ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ ജോണ്‍സണ്‍, മിച്ചല്‍ സ്റ്റാര്‍ച്, ജോസ് ഹെയ്‌സല്‍ വുഡ്, നഥാന്‍ ലിയോണ്‍.