ഇരു വൃക്കകളും തകരാറിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

Posted on: July 28, 2015 9:35 am | Last updated: July 28, 2015 at 9:35 am

joy-vrikkaചുവന്നമണ്ണ്(തൃശൂര്‍): രണ്ടു വൃക്കകളും തകരാറിലായ യുവാവ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു. പാണഞ്ചേരി പഞ്ചായത്തില്‍ ചുവന്നമണ്ണ് വെട്ടുവേലി വീട്ടില്‍ ജോയി(38) ആണ് വൃക്ക മാറ്റിവയ്ക്കാന്‍ പണിമല്ലാതെ കഷ്ടപ്പെടുന്നത്.
തൃശൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷയോടിച്ച് നിത്യ ചെലവിന് പണം കണ്ടെത്തിയിരുന്ന ജോയയുടെ രണ്ടു വൃക്കകളും തകരാറിലായതോടെ ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായി. ഇപ്പോള്‍ ആഴ്ചയില്‍ രണ്ടു ഡയാലിസിസ് ചെയ്താണ് ജീവിതം നിലനിര്‍ത്തി വരുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്.
വൃക്ക മാറ്റിവയ്ക്കാതെ രക്ഷയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ വൃക്ക നല്‍കാന്‍ അമ്മയും ഭാര്യയും തയ്യാറായിട്ടുണ്ടെങ്കിലും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പത്തു ലക്ഷം രൂപ ചെലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.
ഭാര്യയും ആറു വയസുള്ള ഒരു മകനുമടങ്ങുന്ന കുടുംബത്തിന് ആകെയുള്ളത് ഏഴു സെന്റു സ്ഥലവും ഒരു ചെറിയ വീടും മാത്രമാണുള്ളത്.
നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കുമൊക്കെ സഹായിയായിരുന്ന ജോയിയുടെ ജീവന്‍ നിലനിര്‍ത്താനായി പണം കണ്ടെത്താന്‍ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സി എം ദാമോദരന്‍, ബേബി നെല്ലിക്കുഴി, കെ വി ചന്ദ്രന്‍, ടി പി ജോര്‍ജ്, എം എം വല്‍സന്‍, ഷാജി നെല്ലിക്കല്‍ എന്നിവര്‍ രക്ഷാധികാരികളായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് മെമ്പര്‍ ജോര്‍ജ് പായപ്പന്‍ ചെയര്‍മാന്‍, സി എം.ദേവസി കണ്‍വീനര്‍, എം ജി ഷാജി ട്രഷറര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ശസ്്ത്രക്രിയക്കുവേണ്ടിയുള്ള സഹായം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ചികിത്സാ സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പട്ടിക്കാട് എസ്ബിടി ശാഖയില്‍ വി വി ജോയ് ചികിത്സ സഹായ ഫണ്ട് എന്ന പേരില്‍ 67328683056 ഐ എഫ്് എസ്്്‌സി കോഡ് എസ്ബിടിആര്‍ 0000253 നമ്പറില്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്.
ശസ്ത്രക്രിയക്കാവശ്യമായ പണം ലഭിച്ചാല്‍ ഒരു ജീവിതം മാത്രമല്ല കുടുംബത്തെയും രക്ഷിക്കാന്‍ കഴിയുമെന്ന ആശ്വാസത്തിലാണ് നാട്ടുകാരും വീട്ടുകാരും. കൂടുതല്‍ വിവരങ്ങള്‍ക്ക ്‌ഫോണ്‍: സഹാദരന്‍ ബിനോജ്്- 9809920952.