പ്രഥമപൗരനായ ശാസ്ത്രജ്ഞന്‍

Posted on: July 28, 2015 6:00 am | Last updated: July 28, 2015 at 12:20 am

apj‘ഞാന്‍ ശരിക്കും കുഴങ്ങിയിരിക്കുകയാണ്. ഇന്റര്‍നെറ്റിലും മാധ്യമങ്ങളിലുമൊക്കെ ഒരു സന്ദേശത്തിനായി ഞാന്‍ തിരഞ്ഞു. ഞാന്‍ ചിന്തിക്കുകയായിരുന്നു എന്തു സന്ദേശമാണ് ഈ ദശാസന്ധിയില്‍ ജനങ്ങള്‍ക്കായി നല്‍കുക?’
2002 ജൂണില്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പയി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബഹിരാകാശ ശാസ്ത്രജ്ഞന്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ പ്രതികരണമായിരുന്നു ഇത്. ഉള്‍ക്കാമ്പുള്ള വാക്കുകളുടെ ഉടയവനായിരിക്കുമ്പോഴും ലാളിത്യത്തിന്റെ തുറന്നു പറച്ചിലുകള്‍ അബ്ദുല്‍ കലാമിന്റെ പ്രത്യേകതയായിരുന്നു. ശാസ്ത്രജ്ഞന്റെ സ്വപ്‌നസമാന ജീവിതത്തില്‍ നിന്ന് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രഥമപൗരനായി മാറിയപ്പോഴും ആ നിഷ്‌കളങ്ക ലാളിത്യം അദ്ദേഹം കൈവിട്ടില്ല.
കെ ആര്‍ നാരായണന് ശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായാണ് കലാം രാഷ്ട്രപതിഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുന്‍നിര രാഷ്ട്രീയ കക്ഷികളായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാ പാര്‍ട്ടിയും ഒരു പോലെ പിന്തുണച്ച സ്ഥാനാര്‍ഥിയായിരുന്നു അബ്ദുല്‍ കലാം. എതിര്‍ സ്ഥാനാര്‍ഥിയായ ക്യാപ്റ്റന്‍ ലക്ഷ്മിയെക്കാള്‍ 8,15,548 വോട്ടന്റെ ഭൂരിപക്ഷത്തിനാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായത്.
2002 ജൂണ്‍ പത്തിനാണ് അന്നത്തെ ഭരണക്ഷിയായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ പ്രതിപക്ഷമായ കോണ്‍ഗ്രസിനോട്, തങ്ങള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് അബ്ദുല്‍ കലാമിനെ പിന്തുണക്കാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയും എന്‍ സി പിയും കലാമിനുള്ള പിന്തുണ നേരത്തെ അറിയിച്ചുകഴിഞ്ഞിരുന്നു. ഇതോടെ രണ്ടാം വട്ടം പ്രസിഡ ന്റ് പദത്തില്‍ പ്രതീക്ഷയുണ്ടായിരുന്ന കെ ആര്‍ നാരായണന്‍ താന്‍ ഇനി മത്സരിക്കാനില്ല എന്ന് പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ 18നായിരുന്നു വോട്ടെണ്ണല്‍. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുല്‍ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി.
ഭാരതരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അദ്ദേഹത്തിനുണ്ട്. ഡോ. എസ് രാധാകൃഷ്ണനും ഡോ. സക്കീര്‍ ഹുസൈനുമായിരുന്നു കലാമിന് മുമ്പ് ഈ ബഹുമതി നേടിയവര്‍. അപ്പോഴും രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ശാസ്ത്രജ്ഞ ന്‍ എന്ന ബഹുമതി കലാമിന് മാത്രം അവകാശപ്പെട്ടതായി.
രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചു കിട്ടിയ പല സൗജന്യ സഹായങ്ങളും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാദരക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും സല്ലപിക്കാനും കലാം സമയം കണ്ടെത്തി. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ കലാം എന്ന് വിളിക്കുമായിരുന്നു.
രാഷ്ട്രപതി സ്ഥാനത്തേക്ക് രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന സമയത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, താന്‍ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്ന് പറഞ്ഞ് ഈ പ്രചാരണങ്ങള്‍ കലാം തന്നെ അവസാനിപ്പിച്ചു. അതേസമയം, രണ്ടാം വട്ടം എത്തുന്ന കാര്യം ചര്‍ച്ചയാകുമ്പോ ള്‍ കലാമിന് മുന്‍നിര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നുമില്ല. കലാമിന്റെ പിന്‍ഗാമി, പ്രതിഭാ പാട്ടീലിന്റെ ഭരണകാലഘട്ടം അവസാനിക്കാറായ സമയത്ത്, കലാമിനെ വീണ്ടും ഈ സ്ഥാനത്തേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. കലാം രാഷ്ട്രപതിയാകാന്‍ വീണ്ടും തയ്യാറാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറാണെന്നായിരുന്നു അവര്‍ അദ്ദേഹത്തെ അറിയിച്ചെങ്കിലും ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് താനിനി ആ വഴിക്കില്ലെന്ന് കലാം നയം വ്യക്തമാക്കി.
തനിക്ക് മുമ്പിലെത്തിയ ദയാഹരജികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന നടപടി വൈകിച്ചുവെന്ന വിമര്‍ശം രാഷ്ട്രപതിക്കസേരയിലിരിക്കുമ്പോള്‍ അബ്ദുല്‍ കലാമിന് നേരിടേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 72 ാം വകുപ്പ് പ്രകാരം വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവ് ചെയ്യാന്‍ രാഷ്ട്രപതിക്ക് അധികാരം ഉണ്ട്.
അബ്ദുല്‍ കലാം രാഷ്ട്രപതിയായ കാലഘട്ടത്തില്‍ 21 ദയാഹരജികളാണ് അദ്ദേഹത്തിന്റെ പരിഗണനക്ക് വന്നത്. എന്നാല്‍, ഇവയില്‍ തീര്‍പ്പുകല്‍പ്പിച്ചത് ഒന്നില്‍ മാത്രമായിരുന്നു. 14കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ധനഞ്ജയ് ചാറ്റര്‍ജിയുടെ ദയാഹരജിയായിരുന്നു അത്. ഇയാള്‍ക്ക് മാപ്പ് നല്‍കാന്‍ കലാം തയ്യാറായില്ല. ചാറ്റര്‍ജിയെ പിന്നീട് വധശിക്ഷക്ക് വിധേയനാക്കി. 2001ലെ ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണ കേസിലെ കുറ്റവാളിയായ അഫ്‌സല്‍ ഗുരുവിന്റെ ദയാഹരജിയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നത് വൈകിക്കുക വഴി അയാളുടെ വധശിക്ഷ നീട്ടിയത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.