ഇന്ധന വില വര്‍ധന: അബുദാബിയില്‍ ടാക്‌സി നിരക്ക് കൂട്ടിയേക്കും

Posted on: July 27, 2015 6:00 pm | Last updated: July 27, 2015 at 6:43 pm

അബുദാബി: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ അബുദാബിയിലെ ടാക്‌സി നിരക്കുകളും വര്‍ധിച്ചേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു.
നഗരത്തിലും അനുബന്ധ സ്ഥലങ്ങളിലും ടാക്‌സി സര്‍വീസുകള്‍ നിയന്ത്രിക്കുന്ന സെന്റര്‍ ഫോര്‍ റഗുലേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട് ബൈ ഹയര്‍ കാര്‍സ് (ട്രാന്‍സാഡ്) അധികൃതരാണ് ഇതുമായി ബന്ധപ്പെട്ട് സൂചന നല്‍കിയത്. രാജ്യത്ത് ഇന്ധന വില വര്‍ധന അടുത്ത മാസം മുതല്‍ നിലവില്‍ വരാനിരിക്കെ, ടാക്‌സി സര്‍വീസുകള്‍ നേരിടാന്‍ പോകുന്ന അധികച്ചെലവ് പരിഗണിച്ചാണ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയതെന്നാണ് ട്രാന്‍സാഡിന്റെ ന്യായം.
ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിശ്ചയിച്ചതായും ട്രാന്‍സാഡ് അധികൃതര്‍ വ്യക്തമാക്കി. ഇന്ധന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്ന ശേഷമുള്ള ടാക്‌സി സര്‍വീസുകളുടെ വര്‍ധിക്കുന്ന ചെലവുകള്‍ കണക്കാക്കിയാണ് വര്‍ധനവിനെക്കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യുകയെന്ന് ട്രാന്‍സാഡ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ദര്‍വീശ് അല്‍ ഖംസി പറഞ്ഞു.
ഇന്ധനവില വര്‍ധനയുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്തുവന്ന ഉടനെ തന്നെ ഇതിന്റെ പ്രതിധ്വനി രാജ്യത്തെ ഓരോ വ്യക്തിയുടെയും സാമ്പത്തിക സ്ഥിതിയില്‍ പ്രതിഫലിക്കുമെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ, പൊതുഗതാഗത സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തി നഗരത്തിലെ ഗതാഗതക്കുരുക്കും അന്തരീക്ഷ മലിനീകരണവും കുറക്കാന്‍ പൊതുജനങ്ങള്‍ മുന്നോട്ടുവരണമെന്നും അല്‍ ഖംസി ആവശ്യപ്പെട്ടു.