നോള്‍ കാര്‍ഡിന് ആര്‍ ടി എ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Posted on: July 27, 2015 6:08 pm | Last updated: July 27, 2015 at 6:08 pm

nol.tiffദുബൈ: ആര്‍ ടി എ നോള്‍ കാര്‍ഡുകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. കൂടുതല്‍ ജനങ്ങളെ പൊതുഗതാഗത മാര്‍ഗം ഉപയോഗിക്കാന്‍ പ്രേരിപ്പിക്കാനും ജനങ്ങളുടെ സന്തോഷം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ആര്‍ ടി എയുടെ ഭാഗമായ മൂന്ന് ഓട്ടോമാറ്റഡ് ഫെയര്‍ കളക്ഷന്‍ സിസ്റ്റം ഡിപാര്‍ട്‌മെന്റ്‌നടപടി. ഇന്നലെ മുതല്‍ സെപ്തംബര്‍ 24 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക. നിലവില്‍ ആര്‍ ടി എയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുഗതാഗത മാര്‍ഗങ്ങളായ ബസ്, മെട്രോ, ട്രാം തുടങ്ങിയവയില്‍ യാത്ര ചെയ്യണമെങ്കില്‍ നോള്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
വ്യക്തികള്‍ക്കായി ആര്‍ ടി എ ഇറക്കുന്ന സില്‍വര്‍ ഒഴികേയുള്ള എല്ലാ നോള്‍ കാര്‍ഡുകള്‍ക്കും കിഴിവ് ലഭ്യമായിരിക്കും. ഇളവ് കാലത്ത് 70 ദിര്‍ഹം വിലയുള്ള ബ്ലൂ നോള്‍ കാര്‍ഡ് 35 ദിര്‍ഹത്തിന് ലഭ്യമാവം. 80 ദിര്‍ഹമുള്ള ഗോള്‍ഡ് നോള്‍ കാര്‍ഡിന് 45 ദിര്‍ഹം മതിയാവും. പ്രത്യേക രൂപകല്‍പനയിലുള്ള സ്റ്റാന്റേര്‍ഡ് നോള്‍ കാര്‍ഡിന് 100 ദിര്‍ഹത്തിന് പകരം 65 ദിര്‍ഹം മതിയാകും. പ്രത്യേക ഡിസൈനിലുള്ള ഗോള്‍ഡണ്‍ നോള്‍ കാര്‍ഡിന് 110 ദിര്‍ഹത്തിന് പകരം 65 ദിര്‍ഹം മതിയാവുമെന്നും ഓട്ടോമാറ്റഡ് ഫെയര്‍ കളക്ഷന്‍ ഡയറക്ടര്‍ ഖാലിദ് അല്‍ അവദി വ്യക്തമാക്കി.
ഈ വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങള്‍ക്കിടയില്‍ കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോള്‍ കാര്‍ഡിന്റെ വില്‍പനയില്‍ 160 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സീസണല്‍ പെര്‍മിറ്റ് വിഭാഗത്തില്‍ ഉള്‍പെട്ട നോള്‍ കാര്‍ഡുകളുടെ വില്‍പനയില്‍ 2014 മായി താരതമ്യപ്പെടുത്തുമ്പോള്‍ 94 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നോള്‍ കാര്‍ഡിന്റെ വില്‍പനയില്‍ ഉണ്ടായിരിക്കുന്ന വര്‍ധനവ് കൂടുതല്‍ ആളുകള്‍ പൊതുഗതാഗത മാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ആര്‍ ടി എ യാത്രക്കാരെ പൊതുഗതാഗത മാര്‍ഗത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതിനായി നടത്തുന്ന ബോധവത്കരണവും വിജയമാണെന്ന് ഇത് തെളിയിക്കുന്നതായും അല്‍ അവദി അഭിപ്രായപ്പെട്ടു. ആര്‍ ടി എയുടെ പൊതുജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. അധികം വൈകാതെ നോള്‍ കാര്‍ഡുകള്‍ വിവിധോദ്ദേശ്യ കാര്‍ഡുകളായിമാറും.
ആഴ്ച, മാസം, മൂന്നു മാസം, വര്‍ഷം എന്നിങ്ങനെ പ്രത്യേക സ്‌കീമുകളും നോള്‍ കാര്‍ഡില്‍ അനുവദിക്കുന്നുണ്ട്. ഇത്തരം സ്‌കീമിന്റെ ഭാഗമാവുന്നവര്‍ക്ക് 47 ശതമാനം മുതല്‍ 50 ശതമാനം വരെ യാത്രാ ചെലവ് ലാഭിക്കാനാവും. വിദ്യാര്‍ഥികള്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും സ്‌കീമുകളില്‍ യാത്രാ ചെലവില്‍ 50 ശതമാനം കിഴിവ് നല്‍കുന്നതായും അല്‍ അവദി വെളിപ്പെടുത്തി.