നിര്‍മാണം നടക്കുന്ന വീടുകളില്‍ നിന്നും ഇലക്ട്രിക് വയറുകള്‍ കളവ് പോകുന്നു

Posted on: July 27, 2015 10:07 am | Last updated: July 27, 2015 at 10:07 am

മങ്കട: വീട് കുത്തിതുറന്ന് മോഷണക്കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്ത മങ്കടയില്‍ പുതിയ മോഷണ രീതി അരങ്ങേറുന്നു.
പുതിയതായി നിര്‍മാണം നടക്കുന്ന വീടുകളില്‍ വയറിംഗ് നടത്തിയ ഇലക്ട്രിക് വയറുകള്‍ ഊരിയെടുക്കുന്നതായാണ് പരാതി. വെള്ളില പൂഴിക്കുന്നിലെ ഏതാനും വീടുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വയറുകള്‍ മോഷണം പോയത്. സ്വിച്ച് ബോര്‍ഡ് സ്ഥാപിക്കുന്നതിന് മുന്നോടിയായി പൈപ്പിനുള്ളില്‍ സ്ഥാപിച്ച വയറുകളാണ് മോഷ്ടാക്കള്‍ ഊരിയെടുത്തിരിക്കുന്നത്. ഈ പരാതി നിലനില്‍ക്കെ തന്നെ കഴിഞ്ഞ ദിവസം അന്യ ദേശക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് വെള്ളിലയിലെ ഒരു വിജനമായ സ്ഥലത്ത് ഇലട്രിക് വയറുകള്‍ കത്തിച്ച് ചെമ്പ് കമ്പി ഊരിയെടുക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.
ഇത് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണെന്ന് നാട്ടുകാര്‍ ആക്ഷേപിക്കുന്നു. അതിനിടെ വീട്ടില്‍ വയറിംഗ് നടത്തിയ വയറുകള്‍ മോഷണം പോയതായി പരാതി നല്‍കിയ പൂഴിക്കുന്ന് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തതാണ് നാട്ടുകാര്‍ക്കിടയില്‍ ഏറെ പ്രതിഷേധത്തിനിടയാക്കുന്നത്. ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കളവ് കേസുകള്‍ വര്‍ധിച്ചിട്ടും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും പോലീസ് അന്വേഷണമോ നടപടിയോ ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് ഇഷ്ടാനുസരണം വിലസാനുള്ള അവസരമാണ് ഒരുക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷമായി തന്നെ മങ്കടയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന മോഷണ ക്കേസുകളില്‍ യാതൊരു തുമ്പും കണ്ടെത്തുന്നതിന് പോലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയും യാതൊരു അന്വേഷണവുമില്ലാതെയും പോലീസ് കേസെടുത്തിരിക്കുന്നത്.
ഇത് ചില രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമാണെന്ന് പോലും ഇതിനകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യു കെ അബൂബക്കറിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.