തോട് കരകവിഞ്ഞൊഴുകി; വീടുകളില്‍ മലിനജലം

Posted on: July 27, 2015 9:57 am | Last updated: July 27, 2015 at 9:57 am

വടകര: താഴെ അങ്ങാടിയിലെ അങ്ങാടിത്തോട് കര കവിഞ്ഞൊഴുകിയതോടെ തോടിന് ഇരുകരകളിലും സ്ഥിതി ചെയ്യുന്ന പത്തില്‍ പരം വീടുകളില്‍ മലിനജലം കയറി.

കഴിഞ്ഞ ഒരാഴ്ചയിലധികമായി തകര്‍ത്തു പെയ്ത മഴയെ തുടര്‍ന്നാണ് വീടുകളില്‍ മലിനജലം കയറി താമസിക്കാന്‍ പറ്റാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. ഈ ദുരിതത്തിന് പരിഹാരം കാണണമെന്ന് വര്‍ഷങ്ങളായി നട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും നഗരസഭാ അധികൃതര്‍ ഇതൊന്നും ഗൗനിക്കാത്ത അവസ്ഥയാണ്. കല്ല് വളപ്പ്, ചുണ്ടങ്ങവളപ്പ്, ചെറിയ വളപ്പ്, പൂക്കാപുറത്ത് താഴകുനി, ചട്ടിക്കുനിത്താഴ, അരമാക്കി എന്നീ ഭാഗങ്ങളില്‍ താമസിക്കുന്നവരാണ് മലിനജലം കയറിയതിനെ തുടര്‍ന്ന് ഭീഷണി നേരിടുന്നത്.
തോട് കടന്നുപോകുന്ന കരിയാങ്കണ്ടി ഭാഗത്ത് ചില സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നകത്തിയതോടെയാണ് തോട്ടിലെ ഒഴുക്ക് തടസ്സപ്പെട്ടത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ പ്രദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം എല്‍ എ, ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കാനായി ഐ എന്‍ എല്‍ വടകര ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒപ്പുശേഖരണം നടത്തി. ഒപ്പുശേഖരണ പരിപാടി മണ്ഡലം പ്രസിഡന്റ് മൂക്കോയക്കല്‍ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു. വളപ്പില്‍ അബ്ദുല്‍ സലീം അധ്യക്ഷത വഹിച്ചു. മിഖ്ദാദ് തയ്യില്‍, എന്‍ കെ സലീം, ശമീര്‍ കല്ലറക്കല്‍ പ്രസംഗിച്ചു.