ഏഴ് മാസത്തില്‍ പനിബാധിതര്‍ 14 ലക്ഷം; മരണം 226

Posted on: July 27, 2015 6:00 am | Last updated: July 27, 2015 at 5:51 pm
SHARE

feverതിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ കേരളത്തില്‍ 14 ലക്ഷം പേര്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാലയളവില്‍ പനി ബാധിച്ച് 226 പേര്‍ മരിക്കു കയും ചെയ്തു.
പനിബാധിതരില്‍ 2179 പേര്‍ക്കും ഡെങ്കിപ്പനിയായിരുന്നു. ഇതില്‍ 38 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എലിപ്പനി ബാധിച്ച് ചികിത്സ തേടിയ 443 പേരില്‍ 48 പേരും മരണത്തിന് കീഴടങ്ങി. 582 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പിടിപെട്ടു. ഇവരില്‍ 59 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 12506 പേര്‍ക്ക് ചിക്കന്‍പോക്‌സ് പിടിപെട്ടതില്‍ എട്ട് പേരാണ് മരിച്ചത്. ചെള്ളുപനി സ്ഥിരീകരിച്ച 506 രോഗികളില്‍ 13 പേരും മരിച്ചു.
വ്യക്തിശുചിത്വക്കുറവും പരിസര ശുചിത്വമില്ലായ്മയും മാലിന്യനീക്കം നിലച്ചതും സാംക്രമിക രോഗങ്ങളുടെ എണ്ണം കൂടാന്‍ കാരണമായി.
മാലിന്യനീക്കം നിലച്ച തലസ്ഥാന ജില്ലയിലാണ് പകര്‍ച്ച വ്യാധികള്‍ കൂടുതല്‍ പടര്‍ന്നു പിടിക്കുന്നത്. തലസ്ഥാനത്ത് മാത്രം എഴുപതിലധികം പേരാണ് ദിവസവും പനി ബാധിച്ച് ചികിത്സ തേടുന്നത്. അതേസമയം, പല ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.