ബാഴ്‌സലോണയെ യുണൈറ്റഡ് തകര്‍ത്തു

Posted on: July 27, 2015 6:00 am | Last updated: July 26, 2015 at 11:46 pm
ഗോള്‍ നേടിയ റൂണിയെ സഹകളിക്കാര്‍ അഭിനന്ദിക്കുന്നു
ഗോള്‍ നേടിയ റൂണിയെ സഹകളിക്കാര്‍ അഭിനന്ദിക്കുന്നു

കാലിഫോര്‍ണിയ: സൂപ്പര്‍ താരങ്ങളായ മെസിയും നെയ്മറും ഇല്ലാതെ ഇറങ്ങിയ ബാഴ്‌സലോണയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തുവിട്ടു. സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കറ്റാലന്‍ സംഘം തോല്‍വി ഏറ്റുവാങ്ങിയത്.

വെയ്ന്‍ റൂണി, ജസി ലിംഗാര്‍ഡ്, അദ്‌നാന്‍ ജുനുസാജ് എന്നിവര്‍ യുണൈറ്റഡിനായി സ്‌കോര്‍ ചെയ്തപ്പോള്‍ റാഫിന്‍ഹയുടെ വകയായിരുന്നു ബാഴ്‌സയുടെ ആശ്വാസ ഗോള്‍. എട്ടാം മിനുട്ടില്‍ വെയ്ന്‍ റൂണിയുടെ ഹെഡ്ഡര്‍ ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. ആഷ്‌ലി യെംഗിന്റെ കോര്‍ണര്‍ കിക്ക് റൂണി വലയിലെത്തിക്കുകയായിരുന്നു. ബാഴ്‌സയുടെ താരങ്ങള്‍ നിരന്തരം അക്രമണം അഴിച്ചുവിട്ടെങ്കിലും യുണൈറ്റഡിന്റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. ലിംഗാര്‍ഡിലൂടെ അവര്‍ ലീഡ് വര്‍ധിപ്പിച്ചു. അവസാന നിമിഷങ്ങളില്‍ രണ്ട് ഗോളുകളാണ് പിറന്നത്. തകര്‍പ്പന്‍ വോളിയിലൂടെ റാഫിന്‍ഹ ബാഴ്‌സക്കായി ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെ അദ്‌നാന്‍ സുജുസാജ് യുണൈറ്റഡിന്റെ ഗോള്‍ നില മൂന്നാക്കി ഉയര്‍ത്തി.