ഗോള്‍ഡ് കപ്പ്: ഷൂട്ടൗട്ടില്‍ അമേരിക്കയെ 3-2ന് തോല്‍പ്പിച്ചു; പനാമക്ക് മൂന്നാം സ്ഥാനം

Posted on: July 27, 2015 6:00 am | Last updated: July 26, 2015 at 11:43 pm
16689 29250715JDI_USA_PAN_PANAMA
16689 29250715JDI_USA_PAN_PANAMA

അറ്റ്‌ലാന്റ: കോണ്‍കകാഫ് ഗോള്‍ഡ് കപ്പില്‍ അമേരിക്കയെ തോല്‍പ്പിച്ച് പനാമക്ക് മൂന്നാം സ്ഥാനം. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് പനാമ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ തവണത്തെ ഫൈനല്‍ പരാജയത്തിന്റെ പകരംവീട്ടല്‍ കൂടിയായി പനാമക്കിത്.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഒരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ആവേശകരമായ മത്സരത്തില്‍ ഒത്തിണക്കത്തോടെ കളിച്ച പനാമക്ക് തന്നെയായിരുന്നു മുന്‍തൂക്കം. 26ാം മിനുട്ടില്‍ റോബര്‍ട്ട് നഴ്‌സാണ് പനാമക്കായി ആദ്യ ഗോള്‍ നേടിയത്. ക്ലിന്റ് ഡംസേ 70ാം സമനില ഗോള്‍ നേടി. ഇരു ടീമുകളും പൊരുതി കളിച്ചെങ്കിലും പിന്നീട് ഗോളൊന്നും പിറന്നില്ല. ഒടുവില്‍ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ ഗോള്‍ കീപ്പര്‍ ലൂയിസ് മെജിയയുടെ തകര്‍പ്പന്‍ പ്രകടനമാണ് പനാമയെ വിജയത്തിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ട് കിടിലന്‍ സേവുകള്‍ നടത്തിയ മെജിയ തന്നെയായിരുന്നു മത്സരത്തിലെ ഹീറോ.
നിലവിലെ ചാമ്പ്യന്‍മാരായ അമേരിക്ക സെമി ഫൈനലില്‍ ജമൈക്കയോടാണ് തോല്‍വി ഏറ്റുവാങ്ങിയത്. ചുവപ്പ് കാര്‍ഡും കൈയാങ്കളിയും കാണികളുടെ കുപ്പിയേറും റഫറിമാരെ ഓടിച്ചിട്ട് കൈകാര്യം ചെയ്യലുമൊക്കെയായി സംഭവബഹുലമായ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റാണ് പനാമ ഫൈനല്‍ കാണാതെ പുറത്തായത്.