Connect with us

Gulf

തൊഴിലുടമ പീഡിപ്പിക്കുന്ന യുവാവ് നീതി തേടുന്നു

Published

|

Last Updated

ദുബൈ: ജോലി രാജിവെച്ചിട്ടും നാട്ടിലേക്കയക്കാതെ തൊഴിലുടമ പീഡിപ്പിക്കുന്നതായി യുവാവിന്റെ പരാതി. തൃശൂര്‍ അഷ്ടമിച്ചിറ സ്വദേശിയും അല്‍ ഖൂസിലെ മെയിന്റനന്‍സ് കമ്പനി ജീവനക്കാരനുമായ ഷെല്‍ബിനാണ് ഉടമയുടെ പീഡനത്തില്‍ നിന്നു രക്ഷപ്പെടാന്‍ പരാതിയുമായി എത്തിയത്. കമ്പനി തൊഴില്‍ വകുപ്പില്‍ ഒളിച്ചോട്ട പരാതി നല്‍കിയതിനാലാണ് ഷെല്‍ബിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്. മൂന്ന് വര്‍ഷം മുമ്പാണ് കമ്പനിയില്‍ ജോലിക്കെത്തിയതെന്ന് ഷെല്‍ബിന്‍ വെളിപ്പെടുത്തി. നാലുമാസത്തെ ശമ്പളം കുടിശ്ശികയായപ്പോള്‍ ഏപ്രിലില്‍ ഫാക്‌സ് വഴി രാജിക്കത്ത് നല്‍കി. എന്നാല്‍ ശമ്പള കുടിശ്ശിക നല്‍കി നാട്ടിലയക്കുന്നതിന് പകരം താന്‍ ഒളിച്ചോടിയതായി കാണിച്ച് തൊഴിലുടമ തൊഴില്‍ വകുപ്പില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ആരോപിച്ചു.
കമ്പനി വക താമസസ്ഥലത്തുനിന്ന് പുറത്താക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് തൊഴില്‍ വകുപ്പില്‍ പരാതി നല്‍കി. മന്ത്രാലയം പരാതി സ്വീകരിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും രാജിവെച്ചതാണെന്നും രേഖകള്‍ സഹിതം ബോധ്യപ്പെടുത്തിയപ്പോള്‍ ഫയലില്‍ നിന്ന് അബ്‌സ്‌കോണ്ടിങ് സ്റ്റാറ്റസ് നീക്കാന്‍ വകുപ്പ് തയാറായി. എന്നാല്‍ ദിവസങ്ങള്‍ക്കകം വീണ്ടും തൊഴില്‍ മന്ത്രാലയത്തിലത്തെിയപ്പോള്‍ പരാതി ഒത്തുതീര്‍പ്പായെന്ന മറുപടിയാണ് ലഭിച്ചത്. ശമ്പളകുടിശ്ശിക ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വീണ്ടും പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ഹിയറിങിന് വിളിച്ചിട്ടുണ്ട്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനാല്‍ നിരവധി പേര്‍ സ്ഥാപനം വിട്ടുപോയിട്ടുണ്ടെന്ന് ഷെല്‍ബിന്‍ പറയുന്നു. ബേങ്ക് വഴിയാണ് ശമ്പളമെങ്കിലും തുക അക്കൗണ്ടിലിട്ട് കമ്പനി അധികൃതര്‍ തന്നെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുകയാണെന്നും ഈ യുവാവ് കുറ്റപ്പെടുത്തി. പരാതി നല്‍കിയതിന് തൊഴിലുടമ വീട്ടില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് വഴി നോര്‍ക്കക്ക് പരാതി നല്‍കിയതായും ഷെല്‍ബിന്‍ പറഞ്ഞു. എന്നാല്‍ ഷെല്‍ബിന് 80 ദിവസത്തെ ശമ്പളം മാത്രമേ കുടിശ്ശികയുള്ളൂവെന്ന് കമ്പനി ഉടമ ജിസ് ജോര്‍ജ് പ്രതികരിച്ചു.