പെട്രോള്‍ വില: സമ്പാദ്യത്തെ ബാധിച്ചേക്കുമെന്ന് പ്രവാസികള്‍

Posted on: July 25, 2015 4:27 pm | Last updated: July 25, 2015 at 4:27 pm

&MaxW=640&imageVersion=default&AR-150729762

ദുബൈ: സബ്‌സിഡി എടുത്തുകളയുകയും പെട്രോളിന് അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ രാജ്യാന്തര നിലവാരത്തില്‍ വില നിശ്ചയിക്കുകയും ചെയ്യുന്നതോടെ അത് പ്രവാസികളുടെ സമ്പാദ്യത്തെ ബാധിക്കുമെന്ന്. വില വര്‍ധനയെക്കുറിച്ച് ആശങ്കയോടെ പ്രതികരിച്ചവരാണ് ഇത്തരം ഒരു അവസ്ഥ ഉണ്ടാവുമെന്ന് ഭയക്കുന്നത്. പെട്രോള്‍ വില വര്‍ധനയെന്നാല്‍ പുറത്തിറങ്ങുന്നതിന്റെ ചെലവ് വര്‍ധിക്കുമെന്ന് തന്നെയാണ് ചുരുക്കത്തില്‍ മനസിലാക്കേണ്ടതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.
പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടാവുന്നതോടെ ജീവിതത്തിന്റെ ഇതര മേഖലയെയും അത് ബാധിക്കുമെന്ന് പ്രവാസിയായ താരിഖ് അന്‍വര്‍ അഭിപ്രായപ്പെട്ടു. വില വര്‍ധനവ് സകലതിനെയും ബാധിക്കും. ഗ്രോസറിയില്‍ നിന്നു വാങ്ങുന്ന നിത്യോപയോഗ സാധനം, റസ്റ്റോറന്റില്‍ നിന്നു കഴിക്കുന്ന ഭക്ഷണവും പാനീയവും വീട്ടുവാടക തുടങ്ങി ബാധിക്കാത്തവ ചുരുക്കമായിരിക്കും.
ഇന്ധന വില വര്‍ധന കൂടുതല്‍ പണം നല്‍കാന്‍ പ്രവാസികള്‍ തയ്യാറാവേണ്ടിവരുമെന്നാണ് ബോധ്യപ്പെടുത്തുന്നതെന്ന് ഷാര്‍ജയിലെ താമസക്കാരനായ പാക്കിസ്ഥാന്‍ സ്വദേശി അശ്‌റഫ് അഭിപ്രായപ്പെട്ടു. പൊതുജനം സാലിക്കിനും വാഹനം പാര്‍ക്ക് ചെയ്യാനും യു എ ഇയില്‍ പണം നല്‍കുന്നുണ്ടെന്നതും അദ്ദേഹം ഓര്‍മിപ്പിച്ചു. വില വര്‍ധിക്കുന്നതോടെ ജനങ്ങള്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുകയും കണ്ടെത്തുകയും ചെയ്യുമെന്ന് അഹ്മദ് ചോഹന്‍ പറഞ്ഞു. മാറ്റങ്ങളെ തടയാനാവില്ലെന്നായിരുന്നു 20 വര്‍ഷമായി ദുബൈയില്‍ കഴിയുന്ന സ്‌കോട്ട്‌ലാന്റ് സ്വദേശിയായ കെന്‍ നെയിലിന്റെ പ്രതികരണം.

പെട്രോള്‍ വില വര്‍ധന:
ജാഗ്രതയോടെ കാര്‍ ഡീലര്‍മാര്‍
ദുബൈ: ആഗസ്റ്റ് ഒന്നുമുതല്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ ഊര്‍ജമന്ത്രാലയം ഒരുങ്ങിയതോടെ രാജ്യത്തെ കാര്‍ ഡീലര്‍മാര്‍ ജാഗ്രതയിലേക്ക്. വിലയില്‍ കാര്യമായ വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ വില്‍പനയില്‍ കുറവിനൊപ്പം ഇന്ധനക്ഷമത കുറഞ്ഞവക്ക് ആവശ്യക്കാരും കുറയുമെന്ന് ബോധ്യമുള്ളതിനാലാണ് വാഹന വില്‍പന സ്ഥാപനങ്ങള്‍ ജാഗ്രതയിലേക്ക് ചുവട് മാറ്റിയിരിക്കുന്നത്. ഏത് തരം കാറുകള്‍ക്കാവും വിലവര്‍ധനക്ക് ശേഷം ആവശ്യക്കാര്‍ ഉണ്ടാവുകയെന്നും കാര്‍ കമ്പനിക്കും ഡീലര്‍മാരും പഠനം ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ മനസറിയാനുള്ള നീക്കങ്ങളും കമ്പോളത്തില്‍ സജീവമായിരിക്കയാണ്.
വിലവര്‍ധനവ് പ്രാബല്യത്തിലാവാന്‍ ഒരാഴ്ച്ചയോളം ബാക്കിയുള്ളതിനാല്‍ ഇതേക്കുറിച്ച് കുറച്ചുകൂടി കാത്തിരുന്ന ശേഷമേ അഭിപ്രായം പറയാന്‍ സാധിക്കൂവെന്ന് ദേരയിലെ അറേബ്യന്‍ ഓട്ടോ മൊബൈല്‍സ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ക്ക് പ്രാധാന്യം കല്‍പിക്കുന്ന വ്യക്തിത്വമായതിനാല്‍ അത്തരം വാഹനങ്ങള്‍ക്കാവും കമ്പോളത്തില്‍ വരും ദിനങ്ങളില്‍ ആവശ്യക്കാര്‍ വര്‍ധിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെട്രോള്‍ വില വര്‍ധന കാര്‍ വിപണിയെ കാര്യമായി ബാധിക്കാന്‍ ഇടയില്ലെന്ന് മറ്റൊരു കാര്‍ ഡീലര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നയങ്ങളല്ല കാര്‍ വില്‍പനയെ നിയന്ത്രിക്കുന്നതെന്നും കാര്‍ കമ്പനികളുടെയും ഡീലര്‍മാരുടെയും മത്സരമാണെന്നും അദ്ദേഹം വിശദീകരിച്ചു. മേഖലയില്‍ തങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ ചെറുതായതിനാല്‍ പെട്രോള്‍ വില ബാധിക്കാനിടയില്ലെന്ന് അത്യാഢംബര കാര്‍ നിര്‍മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ മിന മേഖല ജനറല്‍ മാനേജര്‍ നെയില്‍ സ്ലാഡെ അഭിപ്രായപ്പെട്ടു. തങ്ങള്‍ക്ക് സജീവസാന്നിധ്യമുള്ള യൂറോപ്പിലും വടക്കന്‍ അമേരിക്കയിലും പെട്രോള്‍ വില യു എ ഇയിലേതിലും കൂടുതലാണ്. തങ്ങളുടെ ഉപഭോക്താക്കള്‍ സമൂഹത്തിലെ ഏറ്റവും സമ്പന്ന വിഭാഗമാണെന്നതും പെട്രോള്‍ വില ബാധിക്കാതിരിക്കാന്‍ കാരണമാണെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടിയ തോതില്‍ വിലയില്‍ വര്‍ധനവ് വന്നാലെ കാര്യമായി ബിസിനസിനെ ബാധിക്കൂവെന്ന് അബുദാബി അല്‍ ഷംഖയിലെ മോട്ടോര്‍ വേള്‍ഡ് ഓട്ടോമൊബൈല്‍സിലെ ഫഹദ് അല്‍ ഹെനാവി അഭിപ്രായപ്പെട്ടു. എട്ടോ അതില്‍ കൂടുതലോ സിലിണ്ടറുള്ള കാറുകളാണ് വേള്‍ഡ് ഓട്ടോമൊബൈല്‍സ് വില്‍പന നടത്തുന്നത്.