Connect with us

Articles

പരീക്ഷയെഴുതാന്‍ 'ഡ്രസ്‌കോഡോ?' ഇതേത് പട്ടണം

Published

|

Last Updated

അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതുന്നതിന് പ്രത്യേക ഡ്രസ്‌കോഡ് പാലിക്കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്റെ തീരുമാനം വലിയ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. കോപ്പിയടി തടയാനും പരീക്ഷ സുതാര്യമാക്കാനുമാണ് ഈ നടപടിയെന്നാണ് സി ബി എസ് ഇയുടെ വിശദീകരണം. എന്നാല്‍, വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തിനുള്ള അവകാശത്തിനുമേല്‍ ബോര്‍ഡ് അന്യായമായി കൈ കടത്തുന്നതിനെ അപലപിക്കുന്നവര്‍ സംഘടിതരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുന്നു.
ജൂലൈ 25ന് സി ബി എസ് ഇ നടത്തുന്ന രണ്ടാം അഖിലേന്ത്യാ പ്രവേശന പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥികളോടാണ് ബോര്‍ഡ് കര്‍ശന പരിശോധനകള്‍ക്ക് വിധേയമാകണമെന്ന് ആവശ്യപ്പെടുന്നത്. ആദ്യം നടത്തിയ പ്രവേശന പരീക്ഷാഫലവും അലോട്ട്‌മെന്റും ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കിയതിനെത്തുടര്‍ന്നാണ് രണ്ടാം പരീക്ഷ നടത്താന്‍ ബോര്‍ഡ് നിര്‍ബന്ധിതമായത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഉത്തരസൂചികച്ചോര്‍ച്ചയും നടത്തിയതിനെത്തുടര്‍ന്ന് സംഭവിച്ച ക്രമക്കേടുകള്‍ തടയണമെന്ന വിധിയില്‍ ബോര്‍ഡ് അധികൃതര്‍ പ്രകോപിതരായതു പോലെ കാണപ്പെടുന്നുണ്ട്.
അതുകൊണ്ടാവണം, വിദ്യാര്‍ഥികള്‍ അരക്കയ്യന്‍ ഷര്‍ട്ടും വള്ളിച്ചെരുപ്പും ധരിച്ചുവേണം ഹാളിലെത്താനെന്ന് ബോര്‍ഡ് ആവശ്യപ്പെടുന്നത്. എന്നു മാത്രമല്ല, വാച്ച് ധരിക്കാന്‍ പാടില്ല. പെണ്‍കുട്ടികള്‍ മാല ധരിക്കാന്‍ പാടില്ല. ട്രൗസര്‍/സല്‍വാര്‍ എന്നിവയില്‍ ഏതെങ്കിലും ധരിക്കാം. വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനക്ക് സമാനമായ കര്‍ശന സമ്പ്രദായങ്ങള്‍ നിര്‍ബന്ധപൂര്‍വം വിദ്യാര്‍ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകളാണ് ഹാള്‍ടിക്കറ്റില്‍ നല്‍കിയിരിക്കുന്നത്.
ഇസ്‌ലാം മതാചാരപ്രകാരമുള്ള വസ്ത്രധാരണത്തിന് ഇത് തടസ്സമാകുമെന്ന കാരണത്താല്‍ മതവിശ്വാസികള്‍ ബോര്‍ഡിന്റെ ഏകപക്ഷീയ നിര്‍ദേശങ്ങള്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന ആരോപണങ്ങള്‍ ഹരജിയില്‍ ഉന്നയിക്കുന്നുണ്ട്. അതിന്മേല്‍ ഹൈക്കോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധി ഹരജി നല്‍കിയ രണ്ടു പെണ്‍കുട്ടികള്‍ക്ക് മാത്രം ബാധകമാക്കിയത് അപഹാസ്യമായി. മറ്റുള്ളവര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം എന്ന് പറയുന്നതു പോലെയാണ് കാര്യങ്ങളുടെ പോക്ക്. യഥാര്‍ഥത്തില്‍, പ്രത്യക്ഷത്തില്‍ പ്രകോപനപരമായ ഈ നീക്കത്തിന് ബോര്‍ഡിനെ പ്രേരിപ്പിച്ച കാര്യങ്ങള്‍ ക്രമക്കേട് തടയല്‍ എന്ന സദുദ്ദേശ്യം തന്നെയാണോ? അതോ, വൈരനിര്യാതന ബുദ്ധിയോ?

സംശയത്തിന്റെ നിഴലില്‍
“അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട്” എന്ന ചൊല്ല് അന്വര്‍ഥമാക്കാന്‍ ഇപ്പോഴും നമ്മുടെ രാജ്യത്ത് ഉന്നത സമിതികള്‍വരെ രംഗത്തുവരുമെന്നാണ് സി ബി എസ് ഇയുടെ ലക്കുകെട്ട ഈ തീരുമാനം കാണുമ്പോള്‍ തോന്നുന്നത്. കോപ്പിയടി തടയാന്‍ വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിക്കാന്‍ ബോര്‍ഡിന് അവകാശമുണ്ടോ?
കോപ്പിയടിയും മറ്റു ക്രമക്കേടുകളും തടയാന്‍ നമ്മുടെ രാജ്യത്തു നിലവില്‍ അതിശക്തമായ നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. യു ജി സിയുടെ മാര്‍ഗനിര്‍ദേശവുമുണ്ട്. സര്‍വകലാശാലകള്‍ക്ക് അതിന് സംവിധാനങ്ങളുമുണ്ട്. ഹാളിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന നിര്‍ദേശം നടപ്പാക്കിയാല്‍ കോപ്പിയടിക്ക് പരിഹാരം കാണാം. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളെ സംബന്ധിച്ചിടത്തോളം കോപ്പിയടിക്ക് വലിയ സാധ്യതകളില്ല താനും.
പക്ഷേ, യഥാര്‍ഥ പ്രശ്‌നം ചോദ്യപേപ്പറും ഉത്തരസൂചികകളും ചോര്‍ത്തിക്കൊടുക്കുന്ന ഒരു സംഘം പരീക്ഷാ നടത്തിപ്പിന്റെ ചുമതലവഹിക്കുന്ന ഉന്നത സംഘത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ഞെട്ടിക്കുന്ന വസ്തുതയാണ്. സി ബി എസ് ഇയുടെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട ഒരു പ്രശ്‌നമാണത്. അതിനെ സംബന്ധിക്കുന്ന വിശദമായ പോലീസ് അന്വേഷണം നടക്കുന്നുമുണ്ട്. യഥാര്‍ഥ പ്രതികള്‍ വെളിച്ചത്തുവരുമോയെന്നത് പ്രധാനമാണ്. വ്യാപം അഴിമതി പോലെ പരീക്ഷാക്രമക്കേടുകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഒരു വന്‍ മാഫിയാസംഘം ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഭീകരമായ വസ്തുതയാണ്. അവര്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ മെഡിക്കല്‍ പ്രവേശന പരിക്ഷാ നടത്തിപ്പിന്റെ തലപ്പത്തുണ്ട് എന്ന കാര്യം വ്യക്തമാണ്.
അങ്ങനെ സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബോര്‍ഡ് പരീക്ഷാര്‍ഥികളുടെ തലയില്‍ ക്രമക്കേടുകള്‍ ആരോപിച്ചുകൊണ്ട് യുക്തിരഹിതമായ “ഡ്രസ്‌കോഡു”മായി രംഗത്തു വന്നിരിക്കുന്നത്. ജാള്യത മറക്കാന്‍, അവര്‍ക്ക് അത് ഒരു പക്ഷേ ആവശ്യമായിരിക്കാം. അതിന് പൗരാവകാശ ധ്വംസനം നടത്തണോ?
ചോരില്ലെന്നുറപ്പാക്കാന്‍
ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ടോ?
ആ രംഗത്തു പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ എന്തു നടപടിയെടുത്തു? ഒന്നാം പ്രവേശനപരീക്ഷയിലെ ക്രമക്കേടു പ്രതികളെ (ബോര്‍ഡിലെ പ്രതികളെ വിശേഷിച്ചും) രംഗത്തുകൊണ്ടുവരാന്‍ പോലും വേണ്ടത്ര താത്പര്യം കാട്ടാത്ത ബോര്‍ഡ്, വിദ്യാര്‍ഥികളെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കാന്‍ വെമ്പല്‍കൊള്ളുന്നു. അവരെ തീവ്രവാദികളെപ്പോലെ നിരീക്ഷിക്കാന്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു. വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ടി മാത്രം കാട്ടിക്കൂട്ടുന്ന ചില വെപ്രാളങ്ങള്‍. മറ്റെന്താണിത്?
യഥാര്‍ഥത്തില്‍ സി ബി എസ് ഇയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒരു ആത്മപരിശോധനക്കു തയ്യാറാകേണ്ട വേളയാണിത്. എവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട തിരുത്തല്‍ വേണ്ടതെന്ന് തീരുമാനിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ നടത്തുമെന്ന് ഭയപ്പെടുന്ന കോപ്പിയടി തടയാന്‍ നിയമം അനുവദിക്കുന്ന എല്ലാ മാര്‍ഗങ്ങളും മാനദണ്ഡങ്ങളും കര്‍ശനമായി നടപ്പാക്കുക തന്നെ വേണം. എന്നാല്‍, അതേ സമയം മത്സരപരീക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘങ്ങളെ ഫലപ്രദമായി തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും വേണം. വ്യാപം അഴിമതി രാജ്യവ്യാപകമാണെന്ന കാര്യം മറക്കാതിരിക്കുക. ശബ്ദമുയര്‍ത്തുന്നവരെ കൊന്നുകളയുക എന്നയിടത്തുവരെ എത്തി നില്‍ക്കുന്ന അതിഭീകര മാഫിയാശക്തികളുടെ കൈകള്‍ അധികാര സിംഹാസനത്തിന്റെ അന്തഃപ്പുരങ്ങളില്‍ വരെ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. രാജ്യം ഭരിക്കുന്നവരുടെ മൗനാനുവാദം ഇതിനെല്ലാമുണ്ട് എന്നറിയുമ്പോള്‍ പരാജയപ്പെടുന്നത് ഒന്നാമതായി ജനാധിപത്യം തന്നെയാണ്.