Connect with us

Kerala

അഡ്വക്കറ്റ് ജനറലിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published

|

Last Updated

കൊച്ചി: അഡ്വക്കറ്റ് ജനറിന്റെ ഓഫീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എ ജി ഓഫീസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ ജേക്കബ് വിമര്‍ശിച്ചു. കോടതി ആവശ്യപ്പെട്ട ചില രേഖകള്‍ ഹാജരാക്കാതിരുന്നതാണ് ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശങ്ങള്‍ക്ക് കാരണമായത്.

എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയില്ലെങ്കില്‍ തമിഴ്‌നാട് എ ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം കണ്ടുപഠിക്കണം. 120 ഗവ: വക്കീലന്‍മാര്‍ എ ജിയുടെ കീഴിലുണ്ട്. എന്നിട്ടും പ്രവര്‍ത്തനം കാര്യക്ഷമമല്ല. സോളാര്‍ കേസില്‍ മാത്രമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരാവുന്നത്. സര്‍ക്കാര്‍ അഭിഭാഷകരില്‍ പലരും അബ്കാരികളുടെ ബിനാമികളാണെന്നും കോടതി വിമര്‍ശിച്ചു.

ഇതിലും ഭേദം കേസുകള്‍ സ്വകാര്യ അഭിഭാഷകരെ ഏല്‍പ്പിക്കുന്നതാണ്. സ്വന്തം സംസ്ഥാനത്തെ എ ജി ഓഫീസിന്റെ സ്ഥിതി ഇതാണെന്നിരിക്കെ അറ്റോര്‍ണി ജനറലിന്റെ ഓഫീസിനെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രിക്ക് എന്താണ് അവകാശമെന്നും ഹൈക്കോടതി ചോദിച്ചു.

വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എത്തിയെങ്കിലും വിശദീകരണം നല്‍കാന്‍ അവസരം കിട്ടിയില്ല. തുടര്‍ന്ന് പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസിനെ കണ്ടു.

അതേസമയം അറ്റോര്‍ണി ജനറലിന്റെ ഓഫീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എ ജി ഓഫീസില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ട്. അറ്റോര്‍ണി ജനറലിനെതിരായ നിലപാട് ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

Latest