കുഞ്ഞിനെ മാതാവ് ഓട്ടോയില്‍ മറന്നു; ഡ്രൈവര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു

Posted on: July 23, 2015 4:18 pm | Last updated: July 23, 2015 at 4:18 pm

കാസര്‍കോട്: കുഞ്ഞിനെയും കൊണ്ട് കാസര്‍കോട്ടേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ മാതാവ് കുഞ്ഞിനെ ഓട്ടോയില്‍ മറന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഒന്നരമണിക്കൂറിനുശേഷം മാതാവിന് കുഞ്ഞിനെ തിരികെ കിട്ടി.

ഇന്നലെ ഉച്ചയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ്‌സംഭവം. ഉളിയത്തടുക്കയില്‍ നിന്ന് കാസര്‍കോട് നഗരത്തിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയ അര്‍ഫിതയാണ് ഒന്നരവയസ്സുള്ള മകന്‍ ഫയാസിനെ ഓട്ടോയില്‍ മറന്നത്. സാധനങ്ങള്‍ വാങ്ങി ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്കൊപ്പം അര്‍ഫിത ചൂരിയിലെ ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. കാസര്‍കോട് നഗരത്തില്‍ നിന്നും ഓട്ടോയിലാണ് ചൂരിയിലേക്ക് പോയത്. എല്ലാവരും ചൂരിയിലിറങ്ങിയെങ്കിലും സീറ്റിലിരുന്ന കുഞ്ഞിനെ ഇറക്കാന്‍ മറന്നു. ഓട്ടോ ഡ്രൈവര്‍ ഇതൊന്നുമറിയാതെ കാസര്‍കോട്ടേക്ക് പുറപ്പെട്ടു. വഴിയില്‍വെച്ച് പര്‍ദ്ദ ധരിച്ച രണ്ടുസ്ത്രീകള്‍ ഓട്ടോയില്‍ കയറുകയും ചെയ്തു. ഓട്ടോഡ്രൈവറുടെ കുഞ്ഞാണെന്നാണ് ഈ സ്ത്രീകള്‍ കരുതിയത്. ഓട്ടോഡ്രൈവര്‍ കരുതിയത് അവരുടെ കുഞ്ഞാണെന്നും. പുതിയ ബസ്സ്റ്റാന്റില്‍ സ്ത്രീകളിറങ്ങി പോകുമ്പോള്‍ കുഞ്ഞിനെ എടുക്കാത്തതെന്തേ എന്നു ഡ്രൈവര്‍ ചോദിച്ചപ്പോഴാണ് കുഞ്ഞ് ഞങ്ങളുടേതല്ലെന്ന് സ്ത്രീകള്‍ പറഞ്ഞത്. അതോടെ എന്തുചെയ്യണമെന്നറിയാതെ ഡ്രൈവര്‍ കുഴങ്ങി. ഉടന്‍ സമീപത്തെ പൊലീസ് എയ്ഡ്‌പോസ്റ്റില്‍ വിവരം പറഞ്ഞു. കുട്ടി കരഞ്ഞുനിലവിളിക്കാന്‍ തുടങ്ങിയതോടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീകള്‍ കുട്ടിയെ എടുത്ത് സമാധാനിപ്പിച്ചു.
ഒടുവില്‍ അവരുടെ സഹായത്തോടെ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇതിനിടയില്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി അര്‍ഫിതയും ബന്ധുക്കളും പൊലീസ് സ്‌റ്റേഷനിലെത്തി. കുട്ടി സുരക്ഷിതമായി അവിടെയുണ്ടെന്ന് മനസ്സിലായതോടെയാണ് അവര്‍ക്ക് ആശ്വസമായത്. അശ്രദ്ധ കാണിച്ചതിന് കുട്ടിയുടെ ബന്ധുക്കളെ പൊലീസ് താക്കീത് ചെയ്തുവിട്ടു.