Connect with us

Kozhikode

'ശുചിത്വഗ്രാമം സുന്ദരഗ്രാമം' പദ്ധതി പരിശീലനം നല്‍കി

Published

|

Last Updated

കോഴിക്കോട്: ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിനായി നിറവ് വേങ്ങേരിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന “ശുചിത്വഗ്രാമം സുന്ദരഗ്രാമം” പദ്ധതിയുടെ വളണ്ടിയര്‍മാര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ ശശി ഉദ്ഘാടനം ചെയ്തു. നിറവ് വേങ്ങേരിയുടെ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ബാബു പറമ്പത്ത് ക്ലാസെടുത്തു. പദ്ധതിയില്‍ വീടുകളില്‍ നിന്ന് ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കുകയും ബോധവത്കരണം നടത്തുകയുമാണ് ചെയ്യുക.
ഗ്രാമപഞ്ചായത്തിലുള്ള ഓരോ പത്ത് വീടിനും ഒരു വളണ്ടിയറെ വീതം തിരഞ്ഞെടുത്ത് പരിശീലനം നല്‍കുകയാണ് ചെയ്യുന്നത്. ഇവര്‍ വീടുകളില്‍ ചെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വാര്‍ഡ് ശുചിത്വ കമ്മിറ്റി പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി തിരഞ്ഞെടുത്തിട്ടുള്ളത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം ഗ്രാമപഞ്ചായത്തിലെ ഒരു കേന്ദ്രത്തില്‍ എത്തിച്ച് ആഗസ്റ്റ് 15ന് സംസ്‌കരിക്കുന്നതിനായി കര്‍ണാടത്തിലേക്ക് കയറ്റി അയക്കും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സുരേഷ്‌കുമാര്‍, ബീവി മുസ്തഫ, ചേളന്നൂര്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. സജി, എം എം നൗഷാദ്, വി ജിതേന്ദ്രനാഥ് സംസാരിച്ചു.

Latest