അക്ഷയപാത്രത്തിന്റെ ഫ്യൂസ് ഊരി

Posted on: July 23, 2015 11:09 am | Last updated: July 23, 2015 at 11:09 am

മലപ്പുറം: നഗരസഭയുടെ വിശപ്പ് രഹിത പദ്ധതിയായ അക്ഷയപാത്രത്തിന്റെ ഫ്യൂസ് പോയി. വൈദ്യുതി ബില്ലടക്കാത്തതിനാല്‍ കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് മുന്നിലുള്ള അക്ഷയപാത്രത്തിന്റെ ഫ്യൂസ് കെ എസ് ഇ ബി ഇന്നലെ ഊരി. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ അക്ഷയപാത്രം വൈദ്യുതി ചെലവ് ഉണ്ടാക്കുന്നതൊഴിച്ചാല്‍ വിശക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായിരുന്നില്ല.
ആരും ഭക്ഷണം നിക്ഷേപിക്കാത്തതിനാല്‍ അക്ഷപാത്രം മുഴുവന്‍ സമയവും നോക്കുകുത്തിയായി കിടക്കുകയായിരുന്നു. ഇതിനിടയിലാണ് കെ എസ് ഇ ബി ഫ്യൂസ് ഊരിയത്. എന്നാല്‍ വൈദ്യതി ബില്ല് നഗരസഭയില്‍ ലഭിക്കാത്തിനാലാണ് പണമടക്കാതിരുന്നതെന്ന് ചെയര്‍മാന്‍ കെ പി മുസ്തഫ പറഞ്ഞു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഉടനെ ബില്ലടച്ചതായും നഗരസഭയില്‍ അറിയിക്കാതെ ഫ്യൂസ് ഊരിയ കെ എസ് ഇ ബി ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് കെ എസ് ഇ ബിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.