Connect with us

International

പ്രവാചകന്റെ കാലത്തെ ഖുര്‍ആന്‍ കൈയെഴുത്ത്പ്രതിയുടെ ഭാഗങ്ങള്‍ ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍: ലോകത്ത് വെച്ചേറ്റവും പഴക്കമുള്ള ഖുര്‍ആന്‍ കൈയെഴുത്ത്പ്രതിയുടെ രണ്ട് ഏടുകള്‍ ബ്രിട്ടനിലെ ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറിയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തി. 1370 വര്‍ഷം പഴക്കമുള്ളതാണ് ഈ ഖുര്‍ആന്‍ കൈയെഴുത്ത് പ്രതിയെന്ന് ബ്രിട്ടനിലെ ബിര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. പ്രവാചകന്‍ മുഹമ്മദ് നബി(സ) ജീവിച്ചത് എ ഡി 570നും 632നും ഇടയിലാണ്. ഇപ്പോള്‍ കണ്ടെത്തിയ കൈയെഴുത്തുപ്രതി എ ഡി 568നും 645നും ഇടയിലാണെന്ന് റേഡിയോ കാര്‍ബണ്‍ പരിശോധനയില്‍ ഉറപ്പായിട്ടുണ്ട്. അതായത് ഈ കൈയെഴുത്ത് പ്രതി പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ കാലത്തേതാകുമെന്നാണ് സൂചന. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ഈ വസ്തുതകള്‍ 95 ശതമാനവും കൃത്യമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആനിലെ 18 മുതല്‍ 20 വരെയുള്ള അധ്യായങ്ങളാണ് കണ്ടെത്തിയ പേജുകളിലുള്ളത്. മഷി ഉപയോഗിച്ച് ഹിജാസി എന്നറിയപ്പെടുന്ന പുരാതന അറബിക് ലിപിയിലാണ് സൂറത്തുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
തോലുകള്‍ക്കൊണ്ടാണ് ഖുര്‍ആനിലെ പേജുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഖുര്‍ആന്റെ കാലയളവ് നിശ്ചയിച്ച് പരിശോധന നടത്തിയത് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ലാബിലാണ്.
യൂനിവേഴ്‌സിറ്റിയിലെ പശ്ചിമേഷ്യന്‍ പുരാതന രേഖകളുടെ ശേഖരമായ മിന്‍ഗാന കളക്ഷന്റെ ഭാഗമാണ് ഇപ്പോള്‍ കണ്ടെത്തിയ പുരാതന ഖുര്‍ആന്റെ ഏടുകള്‍. റേഡിയേഷന്‍ പരിശോധനയില്‍ വളരെ ആശ്ചര്യപ്പെടുത്തുന്ന ഫലമാണ് പുറത്തുവന്നിരിക്കുന്നതെന്നും ഖുര്‍ആന്റെ പുരാതന കൈയെഴുത്തു പ്രതികളെ നാം മനസ്സിലാക്കിയതിലേക്കാണ് ഇത് വെളിച്ചം വീശുന്നതെന്നും കാഡ്ബറി റിസര്‍ച്ച് ലൈബ്രറിയിലെ സ്‌പെഷ്യല്‍ കളക്ഷന്‍ ഡയറക്ടര്‍ സൂസന്‍ വോറാള്‍ പറഞ്ഞു. കണ്ടെത്തിയ രണ്ട് ഏടുകളും ഏഴാം നൂറ്റാണ്ടിലെ തുടക്കത്തിലുള്ളതാണെന്ന് റേഡിയേഷന്‍ പരിശോധനയില്‍ വ്യക്തമായതായി പി എച്ച് ഡിക്ക് വേണ്ടി ഈ ഏടുകള്‍ പഠനം നടത്തിയ ഡോ. അല്‍ബ ഫെദേലി ചൂണ്ടിക്കാട്ടി. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലഘട്ടത്തിലേതോ അല്ലെങ്കില്‍ തൊട്ടടുത്ത കാലഘട്ടത്തിലേതോ ആകാം ഈ ഖുര്‍ആന്‍ ഏടുകളെന്ന് ബര്‍മിംഗ്ഹാം യൂനിവേഴ്‌സിറ്റിയിലെ മറ്റൊരു പ്രൊഫസറായ ഡേവിഡ് തോമസ് വ്യക്തമാക്കി. ഇന്ന് വായിക്കാന്‍ ലഭിക്കുന്ന ഖുര്‍ആന്‍ ലിപിയോട് സാദൃശ്യമുള്ള അതേ ലിപിയില്‍ തന്നെയാണ് ഇതിലും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.