Connect with us

Palakkad

അനധികൃത കാറ്റാടി കമ്പനികള്‍ക്കെതിരെ ഷോളയൂര്‍ പഞ്ചായത്ത് വീണ്ടും നിയമ പോരാട്ടത്തിനൊരുങ്ങുന്നു

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയിലെ അനധികൃത കാറ്റാടി കമ്പനികള്‍ക്കെതിരെ ഷോളയൂര്‍ പഞ്ചായത്ത് വീണ്ടും നിയമ പോരാട്ടത്തിനൊരുങ്ങുന്നു.
കാറ്റാടി കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടയണമെന്നും തുടര്‍നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും കാണിച്ച് ഹെക്കോടതിയില്‍ ഉടന്‍ പഞ്ചായത്ത് സത്യവാങ്മൂലം നല്‍കും. എന്നാല്‍ നടപടി ലക്ഷ്യത്തിലെത്തിക്കാന്‍ പഞ്ചായത്തിനാവില്ലെന്ന വിമര്‍ശനവുമുയരുന്നുണ്ട്.അനധികൃത കാറ്റാടിയന്ത്രങ്ങള്‍ പൊളിച്ചുമാറ്റുന്നതിന്റെ മുന്നോടിയായാണ് നിയമപിന്‍ബലത്തിനായി ഷോളയൂര്‍ പഞ്ചായത്തിന്റെ ശ്രമം.
നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം കാറ്റാടിയന്ത്രങ്ങളുടെ കണ്‍ട്രോള്‍ റൂം ഷോളയൂര്‍ പഞ്ചായത്ത് അധികൃതര്‍ സീല്‍ ചെയ്!തിരുന്നു. പ്രവേശന കവാടവും പഞ്ചായത്ത് അധികൃതര്‍ പൂട്ടി. അടുത്തയാഴ്ചയോടെ കാറ്റാടിയന്ത്രങ്ങള്‍ പൊളിച്ചുനീക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനുമുന്നോടിയായാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. നേരത്തെ നടപടികള്‍ തുടങ്ങിയ സമയത്ത് കാറ്റാടികമ്പനികള്‍ ഒരുമാസത്തേക്ക് സ്‌റ്റേ സമ്പാദിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ പ്രഗത്ഭരായ അഭിഭാഷകരുടെ സേവനവും പഞ്ചായത്ത് തേടുന്നുണ്ട്. എങ്ങിനെ കാറ്റാടിയന്ത്രങ്ങള്‍ പൊളിച്ചുനീക്കണമെന്നതിനെക്കുറിച്ച് മാത്രമേ ഇനി വ്യക്തമായ പദ്ധതി തയ്യാറാക്കാനുളളൂ. കഴിഞ്ഞ ദിവസം കണ്‍ട്രോള്‍ റൂം പൂട്ടിയെങ്കിലും കാറ്റാടിയന്ത്രങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇത് നിര്‍ത്താന്‍ സാങ്കേതിക സഹായം കെ എസ് ഇ ബിയോട് പഞ്ചായത്ത് ആവശ്യപ്പെട്ടുകഴിഞ്ഞു. കാറ്റാടിയന്ത്രം അഴിച്ചുമാറ്റുന്നത് വളരെ സങ്കീര്‍ണമായ പ്രക്രിയയാണെന്നും വിദഗ്ധരുടെ സേവനം വേണമെന്നും ഈ രംഗത്തുളളവരുടെ അഭിപ്രായം. വിദഗ്ധരെ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവരണം.
കാറ്റാടിയന്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ തന്നെ ലക്ഷങ്ങള്‍ ചെലവാകുമെന്നാണ് പഞ്ചായത്തിന്റെ കണക്കുകൂട്ടല്‍. അഴിച്ചെടുക്കുന്ന കാറ്റാടിന്ത്രങ്ങള്‍ വിറ്റുകിട്ടുന്ന തുകയിലൂടെ പിഴ ഈടാക്കാമെന്ന് പഞ്ചായത്ത് കരുതുന്നു. അനധികൃതമായി 23 കാറ്റാടിയന്ത്രങ്ങളുണ്ടെന്നാണ് കണക്കെങ്കിലും യഥര്‍ത്ഥത്തില്‍ ഇതിലുമേറെ വരും. ഈയിനത്തില്‍ കോടികള്‍ പഞ്ചായത്തിന് കിട്ടും. എന്നാല്‍ അഴിച്ചെടുക്കുന്ന യന്ത്രഭാഗങ്ങള്‍ എവിടെ സൂക്ഷിക്കുമെന്നതിനെക്കുറിച്ച് തീരുമാനമായിട്ടില്ല.
ഇതെല്ലാം ആര് വാങ്ങുമെന്നും. ഇക്കാര്യത്തില്‍ വ്യക്തത ഉടനുണ്ടാകുമെന്ന് പഞ്ചായത്ത് അധികൃര്‍ പറയുന്നു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു. നടപടി ലക്ഷ്യത്തിലെത്തില്ലെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ ഉറപ്പിച്ചു പറയുന്നു.

Latest