മേമനെ 30ന് തൂക്കിലേറ്റിയേക്കില്ല; വീണ്ടും ദയാഹരജി സമര്‍പിക്കുന്നു

Posted on: July 22, 2015 1:01 pm | Last updated: July 22, 2015 at 6:11 pm

15-1436939613-yakub-memon

മുംബൈ: വീണ്ടും ദയാഹര്‍ജി സമര്‍പ്പിക്കാന്‍ 1993ലെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ നീക്കം. രാഷ്ട്രപതിക്ക് മേമന്‍ നേരിട്ട് നല്‍കുന്ന ആദ്യ ദയാഹര്‍ജിയാണിത്. നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാനാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു.
ഇന്നലെ മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീംകോടതി വധശിക്ഷ ശരിവച്ചിരുന്നു. തുടര്‍ന്നാണ് ദയാഹര്‍ജി സമര്‍പ്പിക്കാന്‍ മേമന്‍ തീരുമാനിച്ചത്. തിരുത്തല്‍ ഹര്‍ജിയും തള്ളിയതോടെ ഈ മാസം 30ന് തൂക്കിലേറ്റാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചതോടെ മേമന്റെ വധശിക്ഷ നടപ്പാക്കല്‍ ഇനിയും നീളും. വധശിക്ഷ ശരിവച്ച സുപ്രീംകോടതി വിധി വന്നു മണിക്കൂറുകള്‍ക്കകമാണ് മേമന്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് ദയാഹര്‍ജി കൈമാറിയത്.

ദയാഹരജി തള്ളി 14 ദിവസങ്ങള്‍ക്ക് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്ന സുപ്രീംകോടതി വിധിയുള്ളതിനാല്‍ മേമന്റെ ഹരജി രാഷ്ട്രപതി തള്ളിയാലും 30ന് വധശിക്ഷ നടപ്പാക്കാനാവില്ല. ശിക്ഷ സ്വീകരിക്കാന്‍ പ്രതി മാനസികമായി തയ്യാറെടുക്കാനും കുടുംബത്തോട് അവസാനമായി സംസാരിക്കാനും വേണ്ടിയാണിത്.