Connect with us

International

എപിക് ഒപ്പി, കൂടുതല്‍ വ്യക്തമായി

Published

|

Last Updated

വാഷിംഗ്ടണ്‍: ഭൂമിയുടെ വ്യക്തമായ ചിത്രവുമായി നാസ. നാസ വിക്ഷേപിച്ച ഡീപ് സ്‌പേസ് ക്ലൈമാറ്റ് ഒബ്‌സര്‍വേറ്ററി (ഡി എസ് സി ഒ വി ആര്‍) ആണ് പതിനാറ് ലക്ഷം കിലോമീറ്റര്‍ ദൂരത്തു നിന്ന് ഭൂമിയുടെ വ്യക്തമായ ചിത്രം അയച്ചത്. പേടകത്തിലെ എര്‍ത്ത് പോളിക്രൊമാറ്റിക് ഇമേജിംഗ് ക്യാമറ (എപിക്) പകര്‍ത്തിയ ചിത്രമാണ് നാസ പുറത്തുവിട്ടത്. ഈ മാസം ആറിനാണ് ചിത്രം പകര്‍ത്തിയത്. മരുഭൂമികളും നദികളും മേഘപാളികളും വ്യക്തമാകുന്നതാണ് ചിത്രം.
ഭൂമിയില്‍ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തിന്റെ പൂര്‍ണമായ വ്യക്തതയുള്ള ചിത്രം നാല്‍പ്പത് വര്‍ഷത്തിനു ശേഷം ആദ്യമായാണ് പുറത്തുവരുന്നതെന്ന് നാസ അവകാശപ്പെട്ടു. 1972ല്‍ അപ്പോളോ 17ലെ ബഹിരാകാശ യാത്രികരാണ് ഇതിന് മുമ്പ് ഇത്തരത്തിലൊരു ചിത്രം എടുത്തത്. ഇതിന് ശേഷം വിവിധ വര്‍ണങ്ങളിലുള്ള ഭാഗികമായ ചിത്രങ്ങള്‍ നിരവധി ലഭിച്ചിട്ടുണ്ട്.
വടക്കേ അമേരിക്കയും മധ്യ അമേരിക്കയും ഉള്‍പ്പെട്ട അര്‍ധഗോളത്തില്‍ പകലായിരിക്കുമ്പോഴാണ് ചിത്രം പകര്‍ത്തിയത്. ഹരിത നീല വര്‍ണത്തില്‍ കാണുന്നത് കരീബിയന്‍ ദ്വീപിന് ചുറ്റുമുള്ള ആഴമില്ലാത്ത സമുദ്രഭാഗമാണ്. അള്‍ട്രാവയലറ്റ് മുതല്‍ ഇന്‍ഫ്രാറെഡ് വരെയുള്ള തരംഗദൈര്‍ഘ്യങ്ങളുപയോഗിച്ചുള്ള പത്ത് ചിത്രങ്ങളാണ് പേടകം എടുത്തിട്ടുള്ളത്. സാധാരണ മനുഷ്യ നേത്രങ്ങള്‍ കാണുന്ന പാകത്തില്‍ അവയെ സമ്മേളിപ്പിച്ച് ഈ ദൃശ്യം സൃഷ്ടിക്കുകയായിരുന്നു.
നാസ, നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ ഒ എ എ), യു എസ് വ്യോമസേന എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. സൗരക്കാറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.
നാസ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത് നീലവൈരക്കല്ല് ചിത്രമാണെന്ന് യു എസ് പ്രസിഡന്റ് ഒബാമ ട്വീറ്റ് ചെയ്തു. അത് ഈ ഒരേയൊരു ജീവഗ്രഹത്തെ സംരക്ഷിക്കേണ്ടതിന്റെ മനോഹരമായ ഓര്‍മപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് നിന്ന് ഭൂമിയെ നിരീക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെയാണ് ചിത്രങ്ങള്‍ അടയാളപ്പെടുത്തുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ചാര്‍ളി ബോള്‍ഡന്‍ പറഞ്ഞു. എപിക് ചിത്രങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളേറെ റസല്യൂഷന്‍ ഉള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപിക്കും അനുബന്ധ ഉപകരണങ്ങളും നിരന്തരം ചിത്രങ്ങള്‍ പകര്‍ത്താന്‍ സജ്ജമായാല്‍ എല്ലാ ദിവസവും ചിത്രങ്ങള്‍ ലഭ്യമാകും.

---- facebook comment plugin here -----

Latest