Connect with us

International

ക്യൂബയും അമേരിക്കയും ഇരു രാജ്യങ്ങളിലെയും എംബസികള്‍ തുറക്കുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയും ക്യൂബയും നയതന്ത്രബന്ധം ഔദ്യോഗികമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും തലസ്ഥാനങ്ങളിലെ എംബസികള്‍ വീണ്ടും തുറക്കുന്നു. ശക്തമായ ഈ നീക്കം ശീതയുദ്ധ കാലത്തെ പരസ്പര ശത്രുക്കളായ ഇരു രാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായി തുടരുന്ന ശത്രുതക്ക് അവസാനമുണ്ടാക്കിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിദേശനയമാണ് ചരിത്രപരമായ ഈ മാറ്റത്തിന് തുടക്കം കുറിച്ചത്. മാസങ്ങള്‍മാത്രം നീണ്ട ആശയവിനിയമത്തിനൊടുവിലാണ് ഇരു രാജ്യങ്ങളും തര്‍ക്കങ്ങള്‍ക്ക് വിരാമമിട്ട് പരസ്പര സമത്വത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. 1961ന് ശേഷം ആദ്യമായാണ് വാഷിംഗ്ടണിലെ പുതുക്കിയ ക്യൂബയുടെ എംബസിക്ക് മുകളില്‍ ക്യൂബന്‍ പതാക ഉയരാന്‍ പോകുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്നലെ ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡിഗ്രസിനെ ഔദ്യോഗികമായി സ്വീകരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനു ശേഷം സംയുക്ത വാര്‍ത്താ സമ്മേളനവും നടത്തി. ഡിസംബര്‍ 17നാണ് ഒബാമയും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയും ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചത്. ഹവാനയിലും വാഷിംഗ്ടണിലുമായി നടന്ന ചര്‍ച്ചാ പരമ്പരകള്‍ക്കൊടുവില്‍ ഏകദേശം ഏഴ് മാസത്തിന് ശേഷമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനമായത്. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഇരു രാജ്യങ്ങളും രക്തരൂഷിതമായിരുന്ന ദശാബ്ദങ്ങള്‍ മറികടക്കുക എളുപ്പമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Latest