Connect with us

Thrissur

സ്വകാര്യ ചിട്ടി കമ്പനിക്കെതിരെ അനേ്വഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published

|

Last Updated

തൃശൂര്‍: മതിയായ ഈട് നല്‍കിയിട്ടും സ്വകാര്യ ചിട്ടിക്കമ്പനി ചിട്ടിതുക നല്‍കുന്നില്ലെന്ന ആരോപണത്തെ കുറിച്ച് അനേ്വഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ (ജുഡീഷ്യല്‍) അംഗം ആര്‍ നടരാജന്‍ രജിസ്ട്രാര്‍ ഓഫ് ചിട്ടീസിന് നിര്‍ദ്ദേശം നല്‍കി.
മുളങ്കുന്നത്തുകാവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചിട്ടി കമ്പനിക്കെതിരെ പാണ്ടിക്കാവ് സ്വദേശി സന്തോഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
2012 ഏപ്രില്‍ 25 ന് ചിട്ടി തുടങ്ങിയെന്നും 7000 രൂപ അടച്ചതിനെ തുടര്‍ന്ന് 2014 ജനുവരി 25 ന് നറുക്ക് വീണെന്നും പരാതിയില്‍ പറയുന്നു. ചിട്ടി പണത്തിനു വേണ്ടി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. ചിട്ടിപണം ചിട്ടി കമ്പനിയില്‍ തന്നെ നിക്ഷേപിക്കണമെന്നും കമ്പനി നിര്‍ബന്ധം പിടിച്ചതായി പരാതിയില്‍ പറയുന്നു.
കമ്മീഷന്‍ സ്പഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. മതിയായ ജാമ്യം നല്‍കിയാല്‍ ചിട്ടിതുക നല്‍കാമെന്ന് കമ്പനി അറിയിച്ചതായി പരാതിയില്‍ പറയുന്നു.
ചിട്ടി പിടിച്ചയാളിന് കൃത്യമായി ചിട്ടിതുക നല്‍കാന്‍ കമ്പനിക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പരാതിക്കാരന്‍ നല്‍കിയ ഈട് മതിയാണോ എന്ന് കമ്പനി തീരുമാനിക്കണം. അതേസമയം ചിട്ടി കമ്പനിക്കെതിരെ എതിര്‍കക്ഷി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതര സ്വഭാവമായതിനാല്‍ അനേ്വഷണം ആവശ്യമാണെന്ന് കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ ഉത്തരവില്‍ നിരീക്ഷിച്ചതായി കമ്മീഷന്‍ അറിയിച്ചു.