Connect with us

Kozhikode

ഗതാഗത സ്തംഭനം, വെള്ളക്കെട്ട്, കടല്‍ക്ഷോഭം: തോരാമഴയില്‍ മുങ്ങി നഗരം

Published

|

Last Updated

കോഴിക്കോട്: തിരിമുറിയാതെ പെയ്ത മഴയില്‍ കോഴിക്കോട് നഗരം ഉള്‍പ്പെടെ വെള്ളക്കെട്ടില്‍. കഴിഞ്ഞ മൂന്നു ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചു; കടല്‍ക്ഷോഭവും രൂക്ഷമായി. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ ആഘോഷത്തിനും മറ്റുമായി വരുന്നവര്‍ കടലില്‍ ഇറങ്ങരുതെന്ന് നേരത്തെ തന്നെ ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാലവര്‍ഷം കനത്തതോടെ ജനങ്ങള്‍ കരുതല്‍ പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മഴ കനത്തതിനെത്തുടര്‍ന്ന് പുഴകള്‍ കരവിഞ്ഞ് ഒഴുകി ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. നഗരത്തെ അപേക്ഷിച്ച് മലയോര ഗ്രാമങ്ങളിലാണ് കാലവര്‍ഷം കൂടുതല്‍ നാശം വിതച്ചത്.
കോഴിക്കോട് നഗരത്തില്‍ പതിവു പോലെ ഇത്തവണയും പാവമണി റോഡിലും മാവൂര്‍ റോഡിലും റെയില്‍വേസ്റ്റേഷന്‍ റോഡിലുമാണ് വെള്ളം കയറി ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം വിതച്ചത്. പുതിയ ബസ്‌സ്റ്റാന്റ്, സ്‌റ്റേഡിയം ജംഗ്ഷന്‍, വൈ എം സി എ ക്രോസ് റോഡ് എന്നിവിടങ്ങളിലെല്ലാം രൂക്ഷമായ വെള്ളക്കെട്ടാണ്. ഇത്തവണ നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുമെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ഒന്നും നടപ്പായില്ല.
നഗരത്തിന്റെ പല ഭാഗങ്ങളിലും ഓടകള്‍ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഓടകളിലെ വെള്ളം നിറഞ്ഞൊഴുകി പുഷ്പ ജംഗ്ഷനില്‍ നിന്നും റെയില്‍വേസ്റ്റേഷനിലേക്കുള്ള റോഡിലൂടെ കാല്‍നടയാത്ര പോലും ദുസ്സഹമായി. പാവമണി റോഡിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഇവിടത്തെ ഓവുചാലുകള്‍ അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴുള്ളത്. ഇതുകാരണമാണ് വെള്ളക്കെട്ടൊഴിയാത്തത്. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ഏറെ ബുദ്ധിമുട്ടനുഭവിച്ചാണ് യാത്ര ചെയ്യുന്നത്.
കനത്ത മഴ തുടര്‍ന്നാല്‍ രൂക്ഷമായ ഗതാഗത പ്രശ്‌നം നേരിടേണ്ടി വരും. ഇത്തവണ വര്‍ഷക്കാലം തുടങ്ങിയ ശേഷം ആദ്യമായാണ് മൂന്നു ദിവസം മഴ നീണ്ടുനില്‍ക്കുന്നത്. നഗരത്തിലെ അശാസ്ത്രീയ നിര്‍മാണം മൂലം വെള്ളം സുഗമായി ഒഴിഞ്ഞുപോകാനുള്ള മാര്‍ഗങ്ങള്‍ പലതും അടഞ്ഞുപോയതുമാണ് റോഡുകള്‍ വെള്ളത്തിനടിയിലാവാന്‍ കാരണം.
നഗരത്തിന്റെ കിഴക്കുഭാഗം ഉയരമുള്ള പ്രദേശമാണ്. അതിനാല്‍ പടിഞ്ഞാറോട്ടു വേണം വെള്ളമൊഴുകാന്‍. അവിടെയാവട്ടെ റെയില്‍പാളവുമുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരമായിരുന്നു കനോലി കനാലിലേക്ക് വെള്ളമൊഴുക്കി വിടുക എന്നത്. എന്നാല്‍ കനാലിലേക്കു നീളുന്ന പല ഓടകളും പലയിടുത്തും നഗരം വികസിച്ചപ്പോള്‍ അടഞ്ഞുപോയി. നഗരത്തോടു ചേര്‍ന്നു കിടന്ന തണ്ണീര്‍ത്തടങ്ങള്‍ പലതും ഇല്ലാതായ അവസ്ഥയാണ്.
മഴയോടൊപ്പം ജില്ലയിലെ പലഭാഗത്തും കടല്‍ക്ഷോഭവും രൂക്ഷമായി. കോതി, പള്ളിക്കണ്ടി, അത്താണിക്കല്‍, പുതിയങ്ങാടി, കോയാ റോഡ് തുടങ്ങി നരഗത്തിനോട് ചേര്‍ന്ന കടല്‍ത്തീരങ്ങള്‍ കടലാക്രമണ ഭീഷണി തുടരുകയാണ്. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണമാണ് കോഴിക്കോടിന്റെ തീദപ്രദേശങ്ങളില്‍ കടല്‍ക്ഷോഭ ഭീഷണി തുടരാന്‍ കാരണം.