Connect with us

National

ബി ജെ പി നേതാവിനെതിരെ പരാതി നല്‍കിയ ആനന്ദ് റായിക്ക് സ്ഥലം മാറ്റം

Published

|

Last Updated

ഭോപ്പാല്‍: വ്യാപം അഴിമതി സംബന്ധിച്ച് മുതിര്‍ന്ന ബി ജെ പി നേതാവിനെതിരെ സി ബി ഐയില്‍ പരാതി നല്‍കിയ ആക്ടിവിസ്റ്റ് ഡോ. ആനന്ദ് റായിയെ സ്ഥലം മാറ്റി. വ്യാപം അഴിമതിയും തുടര്‍ന്നുള്ള ദുരൂഹ മരണങ്ങളും സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന ആനന്ദ് റായി കഴിഞ്ഞ ദിവസം മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ വിക്രം വര്‍മക്കെതിരെ സി ബി ഐയില്‍ പരാതി നല്‍കിയിരുന്നു.
ഇതിന് ഒരു ദിവസം പിന്നിടുമ്പോള്‍ റായിയെ ഇന്‍ഡോറില്‍ നിന്ന് ധര്‍ ജില്ലയിലേക്കാണ് മാറ്റിയത്. ഗാസിയാബാദിലെ സന്തോഷ് മെഡിക്കല്‍ കോളജില്‍ നിന്ന് തന്റെ മകളുടെ എം ബി ബി എസ് പഠനം സ്വാധീനം ഉപയോഗിച്ച് ഭോപ്പാല്‍ ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് കാണിച്ചാണ് വിക്രം വര്‍മക്കെതിരെ ആനന്ദ് റായി പരാതി നല്‍കിയിരുന്നത്. റായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള പരിശീലന വിഭാഗത്തില്‍ ഡെപ്യൂട്ടഷനില്‍ ജോലി ചെയ്യുകയായിരുന്നു. ആനന്ദ് റായിയുടെ ഭാര്യയെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഭാര്യ ഗൗരിയും സര്‍ക്കാര്‍ സര്‍വീസില്‍ ഡോക്ടറാണ്. മൗവിലെ സിവില്‍ ആശുപത്രിയില്‍ നിന്ന് ഉജ്ജയിന്‍ ജില്ലാ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയത്. വഴിവിട്ട കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഈ പോരാട്ടം തുടരുമെന്നും ആനന്ദ് റായി പറഞ്ഞു. സംസ്ഥാനത്തെ ഭരണം ഇപ്പോള്‍ കൈയാളുന്നത് കള്ളത്തരം മാത്രം കാണിക്കുന്നവരാണ്. ഇത് അനുവദിക്കാനാകില്ല. തനിക്കെതിരായ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാപം അഴിമതിക്കേസില്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മറ്റൊരു ആക്ടിവിസ്റ്റായ ആശിഷ് ചതുര്‍വേദി, റായിയുടെയും ഭാര്യയുടെയും സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തി. സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്തെഴുതുമെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അതിന് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറിനെതിരെ ഞങ്ങള്‍ നിശ്ശബ്ദരാകില്ല. മുഖ്യമന്ത്രി ചൗഹാനെയും ഗവര്‍ണര്‍ രാം നരേഷ് യാദവിനെയും മാറ്റി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. വ്യാപം കേസില്‍ ഇവര്‍ രണ്ട് പേരും കുറ്റാരോപിതരാണെന്ന് ചതുര്‍വേദി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി നിര്‍ദേശപ്രകാരം 12 കേസുകളാണ് ഇപ്പോള്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് (വ്യാപം)വിവിധ തസ്തകകളിലേക്കുള്ള നിയമനങ്ങള്‍ക്കായി നടത്തിയ പരീക്ഷകളിലും ക്ഷമതാ പരീക്ഷകളിലും വന്‍ ക്രമക്കേട് പുറത്തുവന്നതോടെയാണ് ഞെട്ടിക്കുന്ന അഴിമതിക്കഥകള്‍ വെളിച്ചത്തായത്. അഴിമതിയില്‍ നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മുന്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും കുറ്റാരോപിതരാണ്. സംസ്ഥാന പോലീസ് 55 കേസാണ് എടുത്തത്. 2000 പേരെ ഇതിനകം അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest