വിഴിഞ്ഞം: കരാര്‍ ചിങ്ങം ഒന്നിന് ഒപ്പ് വെക്കും, നിര്‍മ്മാണോദ്ഘാടനം നവംബര്‍ ഒന്നിന്‌

Posted on: July 20, 2015 1:07 pm | Last updated: July 20, 2015 at 11:36 pm

Artist_Impression_Vizhinjam

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്‌നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യത്തിലേക്ക്. പതിറ്റാണ്ടുകളായി സ്വപ്‌നമായി അവശേഷിച്ച വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണ കരാര്‍ ചിങ്ങം ഒന്നിന് ഒപ്പുവെക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് അദാനി പോര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണത്തിന്റെ ഉദ്ഘാടനം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് വൈകീട്ട് 3.30ന് വിഴിഞ്ഞത്ത് നടക്കുമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി കെ ബാബു അറിയിച്ചു. ചിങ്ങം ഒന്നായ ആഗസ്റ്റ് പതിനേഴിന് വൈകീട്ട് അഞ്ചിനായിരിക്കും അദാനിയുമായി നിര്‍മാണ കരാര്‍ ഒപ്പുവെക്കുക. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നാല് വര്‍ഷമാണ് കാലാവധി നിശ്ചയിച്ചത്. എന്നാല്‍, കാലാവധിക്ക് മുമ്പുതന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിക്ക് അദാനി ഗ്രൂപ്പ് ഉറപ്പുനല്‍കി.
പദ്ധതിക്കായി നേരത്തെ തന്നെ ആവശ്യമായി ഉന്നയിച്ചിരുന്ന കബോട്ടാഷ് നിയമത്തില്‍ ഇളവ്, നിര്‍മാണത്തിനാവശ്യമായ കല്ലെടുക്കുന്നതിനുള്ള അനുമതി, ഭൂമി ഏറ്റെടുക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍ കമ്പനി അധികൃതര്‍ ഉന്നയിച്ചു. തുറമുഖ നിര്‍മാണത്തിനായി തമിഴ്‌നാട്ടില്‍ നിന്ന് കല്ല് കൊണ്ടുവരാന്‍ നിയമപരമായ തടസ്സമുള്ളതിനാല്‍ കേരളത്തില്‍ നിന്ന് തന്നെ കല്ലെടുക്കാനുള്ള ക്വാറി സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന് അദാനി ഗ്രൂപ്പ് യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ കല്ലെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കി ക്വാറികളില്‍ സൗകര്യമൊരുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. വിഴിഞ്ഞം പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്ന അദാനിയുടെ ആവശ്യം കണക്കിലെടുത്ത് മുഖ്യമന്ത്രി ഉടന്‍ പ്രധാനമന്ത്രിക്ക് കത്തയക്കും. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രധാനമന്ത്രിയെയും തുറമുഖമന്ത്രിയെയും നേരിട്ട് സന്ദര്‍ശിച്ച് നിവേദനം നല്‍കിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് മന്ത്രി കെ ബാബു ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി തൊണ്ണൂറ് ശതമാനം സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി. ഒരു ഹോട്ടല്‍ മാത്രമാണ് ഇനി ഒഴിപ്പിക്കാനുള്ളത്. ശേഷിക്കുന്ന ഹോട്ടലുടമകളെല്ലാം ഭൂമി വിട്ടുകൊടുക്കാനുള്ള സമ്മതപത്രം സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ഹോട്ടല്‍ ഉടമയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒഴിയാന്‍ തയ്യാറാകുന്നില്ലെങ്കില്‍ സര്‍ക്കാര്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകും. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുന്നതും വില നിശ്ചയിക്കുന്നതും ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനും സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനുമായ പര്‍ച്ചേസിംഗ് കമ്മിറ്റികളാണ്.
പദ്ധതിയുടെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ചെയര്‍മാനായി സന്തോഷ് മഹാപത്രയെയാണ് അദാനി ഗ്രൂപ്പ് നിയമിച്ചത്. ഗുജറാത്ത് കേഡറില്‍ ജോലി ചെയ്തിരുന്ന സന്തോഷ്, വി ആര്‍ എസ് എടുത്താണ് അദാനി ഗ്രൂപ്പില്‍ അംഗമാകുന്നത്.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹകരണമുണ്ടാകണമെന്ന് മന്ത്രി കെ ബാബു അഭ്യര്‍ഥിച്ചു. പദ്ധതിയുടെ റെയില്‍ കണക്ടിവിറ്റി സംബന്ധിച്ച പുതിയ അലൈന്‍മെന്റ് പ്രകാരമുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തിയായി. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളമടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, വി എസ് ശിവകുമാര്‍, ശശി തരൂര്‍ എം പി, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖ സെക്രട്ടറി ജെയിംസ് വര്‍ഗീസ്, തുറമുഖ എം ഡി സുരേഷ് ബാബു, അഡീഷനല്‍ സെക്രട്ടറി ജയശ്രീ, അദാനി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കരണ്‍ അദാനി, ഡയറക്ടര്‍ ഗുദേനാര്‍ ജെ റാവു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.