കാടിറങ്ങുന്ന കടുവകള്‍ ഗ്രാമീണരുടെ ഉറക്കം കെടുത്തുന്നു

Posted on: July 20, 2015 10:41 am | Last updated: July 20, 2015 at 10:41 am
SHARE

 

സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളത്തിനടുത്ത് കോട്ടനോട് കെണിയിലായ കടുവ
സുല്‍ത്താന്‍ ബത്തേരി ഓടപ്പള്ളത്തിനടുത്ത് കോട്ടനോട് കെണിയിലായ കടുവ

കല്‍പ്പറ്റ: കടുവകളുടെ എണ്ണപ്പെരുപ്പം ഗ്രാമീണരുടെ ഉറക്കം കെടുത്തുന്നു. വനത്തില്‍ സ്വന്തം ഭൂപ്രദേശവും ഇര തേടാനുള്ള ആരോഗ്യവും നഷ്ടമായ കടുവകളാണ് വയനാട് വന്യജീവി സങ്കേതവും കര്‍ണാടകയിലെ ബന്ദിപ്പുര, തമിഴ്‌നാട്ടിലെ മുതുമല കടുവാ സംരക്ഷണ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന വനപ്രദേശത്തിനകത്തും അതിര്‍ത്തിയിലുമുള്ള ഗ്രാമങ്ങളെ ആശങ്കയിലാക്കുന്നത്. കടുവകള്‍ വിശപ്പകറ്റാന്‍ കാടിറങ്ങുന്നത് തുടര്‍ക്കഥയാകുമെന്ന ആകുലതയിലാണ് ഗ്രാമവാസികള്‍. ‘അവശ’ ഗണത്തില്‍പ്പെട്ട കടുവകളില്‍ ഒന്നാണ് വയനാട് വന്യജീവി സങ്കേതത്തിലെ സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ചില്‍പെട്ട ഓടപ്പള്ളത്തിനു സമീപം കൊട്ടനോട് ഈ മാസം 14ന് പുലര്‍ച്ചെ കെണിയിലായത്. ഓടപ്പള്ളത്തും കൊട്ടനോടുമായി 11,12 തീയതികളില്‍ മൂന്നു പശുക്കളെയും രണ്ട് ആടുകളെയും കൊന്ന കടുവ ഗ്രാമീണരെ ഭയചകിതരാക്കിയിരുന്ന സാഹചര്യത്തിലാണ് കടുവയെ പിടികൂടുന്നതിനു കൂട് സ്ഥാപിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട കാട്ടുനായ്ക്ക കോളനിയിലെ ബാബുരാജിനെ(25) കടുവ കൊന്നു തിന്നിരുന്നു. ഈ മാസം രണ്ടിന് ഉച്ച കഴിഞ്ഞ് വിറക് ശേഖരിക്കുന്നതിനായി വനത്തില്‍ പോയ ബാബുരാജിന്റെ മൃതാവശിഷ്ടങ്ങള്‍ പിറ്റേന്നാണ് വനത്തില്‍ കണ്ടെത്തിയത്. മൃതാവശിഷ്ടങ്ങള്‍ക്ക് സമീപം കണ്ട കാല്‍പാടുകള്‍ പരിശോധിച്ചാണ് ബാബുരാജിനെ കൊന്നുതിന്നത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. ഇര തേടാന്‍ ആരോഗ്യം നഷ്ടമായ കടുവയാണ് ബാബുരാജിനെ കൊന്നതെന്ന നിഗമനത്തിലാണ് വനപാലകര്‍. ഈ കടുവയെ കണ്ടെത്താന്‍ വനം-വന്യജീവി വകുപ്പ് നടത്തിയ ശ്രമം ഫലവത്തായില്ല. അതേസമയം ഓടപ്പള്ളത്ത് കെണിയിലായത് കുറിച്യാട് ബാബുരാജിനെ കൊന്ന കടുവയല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗളൂരൂ ആസ്ഥാനമായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ ബി പി ടി 236 നമ്പറിട്ട് വര്‍ഷങ്ങളായി നിരീക്ഷിച്ചുവരുന്ന കടുവയാണ് കൊട്ടനോട് കെണിയിലായത്. കടുവകളെ നിരീക്ഷിക്കുന്നതിനായി ബന്ദിപ്പുര വനത്തില്‍ സ്ഥാപിച്ച നോര്‍ത്ത് ടൈഗര്‍ റോഡിലുള്ള ക്യാമറയില്‍ 2010 ഫെബ്രുവരി 12ന് അര്‍ധരാത്രിയാണ് ഈ കടുവയുടെ ചിത്രം ആദ്യമായി പതിഞ്ഞത്. പിന്നീട് മാവിന ഹള്ള, രാംപുര, ഉല്‍സൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നായി 34 തവണ കടുവ ക്യാമറക്ക് ‘പോസ്’ ചെയ്തു. 13 വയസ്സ് മതിക്കുന്ന കടുവയുടെ ചിത്രം ഏറ്റവും ഒടുവില്‍ ഈ വര്‍ഷം ഫെബ്രുവരി 15ന് രാവിലെ 6.20ന് മാവിനഹള്ള ഏറമാവ് റോഡിലുള്ള ക്യാമറയാണ് ഒപ്പിയെടുത്തത്.
വയനാട്, ബന്ദിപ്പുര, മുതുമല വനങ്ങളില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈ വനമേഖലയില്‍ 100 ചതുരശ്ര കിലോമീറ്ററില്‍ 10നും 15നും ഇടയിലാണ് കടുവകളുടെ സാന്ദ്രതയെന്ന് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ഡോ. കെ ഉല്ലാസ് കാരന്ത്, ഡോ.എന്‍ സാംബകുമാര്‍, അരുള്‍ ബാദുഷ എന്നിവര്‍ പറഞ്ഞു. കടുവകളുടെ എണ്ണം കണക്കാക്കുന്നതില്‍ നിരീക്ഷണ ക്യാമറകളെയാണ് സൊസൈറ്റി പ്രധാനമായും ആശ്രയിക്കുന്നത്.
10-15 ചതുരശ്ര കിലോമീറ്റര്‍ വരുന്നതാണ് ഒരു കടുവ സ്വന്തമാക്കി വെക്കുന്ന ഭൂപ്രദേശം. ജലം, ഇര എന്നിവയുടെ ലഭ്യത, വിശ്രമത്തിനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കിയാണ് പ്രായപൂര്‍ത്തിയെത്തിയ ഓരോ കടുവയും സ്വന്തം ഭൂപ്രദേശം തിരഞ്ഞെടുക്കുന്നത്. സ്വന്തം ഭൂപ്രദേശത്തുനിന്നു നിഷ്‌കാസിതരാകുകയും പ്രായാധിക്യം, രോഗം, പരിക്ക് എന്നിവ മൂലം ഇരതേടാന്‍ ശേഷി നഷ്ടമാകുകയും ചെയ്യുന്ന കടുവകളാണ് വിശപ്പിന്റെ വിളിയകറ്റാന്‍ വനത്തിലും അതിര്‍ത്തിയിലുമുള്ള ജനവാസകേന്ദ്രങ്ങളിലെ തൊഴുത്തുകളില്‍ കണ്ണിടുന്നത്. വിശപ്പകറ്റുന്നതിനായുള്ള കടുവകളുടെ കാടിറക്കം പലപ്പോഴും മനുഷ്യരുടെ ജീവനും ഭീഷണിയാണ്. വയനാട് വന്യജീവി സങ്കേതത്തിലെ നൂല്‍പ്പുഴ പുത്തൂര്‍ വനത്തില്‍ കടുവ കൊന്നുതിന്ന നിലയില്‍ കര്‍ഷകന്‍ മുക്കുത്തിക്കുന്ന് സുന്ദരത്തില്‍ ഭാസ്‌കരന്റെ(56) മൃതാവശിഷ്ടങ്ങള്‍ കണ്ടെത്തിയത് കഴിഞ്ഞ ഫെബുവരി 10നാണ്. അതേമാസം 14ന് തമിഴ്‌നാട് പാട്ടവയലില്‍ തോട്ടംതൊഴിലാളി ചോലക്കടവ് മഹാലക്ഷ്മിയെ(34) കടുവ കൊല്ലുകയുണ്ടായി. വയനാട് വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് മുതുമല ടൈഗര്‍ റിസര്‍വ് പരിധിയിലാണ് പാട്ടവയല്‍. ഭാസ്‌കരനെ കൊന്നുതിന്നുകയും തേയിലത്തോട്ടത്തിലിറങ്ങി മഹാലക്ഷ്മിയെ കൊല്ലുകയും ചെയ്ത കടുവയെ ഫെബ്രുവരി 18ന് തമിഴ്‌നാട് ദൗത്യസേന തോക്കിനിരയാക്കുകയായിരുന്നു. ഭാസ്‌കരന്റെയും മഹാലക്ഷ്മിയുടെയും മരണം ഉളവാക്കിയ ആഘാതത്തില്‍നിന്നു വനാതിര്‍ത്തി ഗ്രാമങ്ങള്‍ വിമുക്തമാകുന്നതിനു മുമ്പാണ് കുറിച്യാട് ഗ്രാമത്തില്‍ ബാബുരാജിനെ കടുവ കൊന്നുതിന്നത്. ഈ സംഭവത്തിന്റെ ചൂടാറുംമുമ്പാണ് ഓടപ്പള്ളവും സമീപപ്രദേശങ്ങളും കടുവാഭീതിയിലായത്.
കര്‍ണാടകയിലെ നാഗര്‍ഹോള കടുവാ സംരക്ഷണ കേന്ദ്രവുമായി അതിരിടുന്നതാണ് വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ച്. കടുവാശല്യത്തിനു കുപ്രസിദ്ധമാണ് തോല്‍പ്പെട്ടി, നാഗര്‍ഹോള വനാതിര്‍ത്തി ഗ്രാമങ്ങളും.