ഭേദഗതി ബില്ലിന് പിന്നെയും തിരിച്ചടി

Posted on: July 18, 2015 5:01 am | Last updated: July 17, 2015 at 5:04 pm

തുടര്‍ച്ചയായ ഓര്‍ഡിനന്‍സുകളിലൂടെ നിയമം നിലനിര്‍ത്തുന്നതിനെതിരെ സുപ്രീം കോടതി വിശദീകരണം തേടുകയും സമവായത്തിനായി ബുധനാഴ്ച ചേര്‍ന്ന നീതി ആയോഗ് യോഗം പരാജയപ്പെടുകയും ചെയ്തതോടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ കേന്ദ്രത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നു. മൂന്ന് തവണ ഓര്‍ഡിനന്‍സ് ഇറക്കിയത് നിയമവിരുദ്ധമാണന്നും ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ ഡല്‍ഹി ഗ്രാമീണ്‍ സഭ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി വ്യാഴാഴ്ച സര്‍ക്കാറിന് നോട്ടീസക്കാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ 13 മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പങ്കെടുത്തവരില്‍ തന്നെ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നീതീഷ് കുമാര്‍ എന്നിവര്‍ ബില്ലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ബില്ലിനെ എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുമുണ്ട്. ബി ജെ പിയുടെ സഖ്യകക്ഷികളായ അകാലിദളും ശിവസേനയും ചില സംഘ്പരിവാര്‍ സംഘടനകളും ബില്ലിനെതിരാണ്.
2013 ആഗസ്റ്റ് 29ന് യു പി എ സര്‍ക്കാറിന്റെ കാലത്ത് പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതികള്‍ക്കു വേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ പ്രദേശത്തെ 70 ശതമാനം കര്‍ഷകരുടെയും സമ്മതം വേണമെന്നും സാമൂഹിക പ്രത്യാഘാത പഠനം നടത്തണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിയമത്തില്‍ വ്യാവസായിക ഇടനാഴികള്‍, പൊതുസ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികള്‍, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യം, താങ്ങാവുന്ന തരത്തിലുള്ള പാര്‍പ്പിട സൗകര്യം, പ്രതിരോധം എന്നീ മേഖലകളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കുന്നുണ്ട്. പഴയ നിയമത്തില്‍ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ലിസ്റ്റില്‍ നിന്നും സ്വകാര്യ ആശുപത്രികളെയും സ്‌കൂളുകളെയും ഒഴിവാക്കിയിരുന്നത് ഭേദഗതിയില്‍ നീക്കം ചെയ്യുകയുമുണ്ടായി. ഭൂമിയേറ്റെടുക്കല്‍ നിയമത്തില്‍ എന്തെങ്കിലും തരത്തിലുള്ള ലംഘനം നടന്നാല്‍ നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് പിഴ വിധിക്കാമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണമെന്നാണ് ഭേദഗതി നിര്‍ദേശം. വ്യവസായികളെ അളവറ്റ് സഹായിക്കുന്ന ഈ ഭേദഗതികള്‍ കര്‍ഷകര്‍ക്ക് കടുത്ത ദോശം ചെയ്യും. ഇതുകൊണ്ടാണ് പ്രതിപക്ഷത്തോടൊപ്പം ചില ഭരണകക്ഷികളും ആര്‍ എസ് എസും ബില്ലിനെ എതിര്‍ക്കാന്‍ മുന്നോട്ട് വന്നത്. എന്നാല്‍ വ്യാവസായിക മേഖലയുടെ വളര്‍ച്ചക്ക് ഭേദഗതികള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
വ്യവസായ ഇടനാഴികളെ മേല്‍ വ്യവസ്ഥകളില്‍ നിന്ന് ഒഴിവാക്കുമ്പോള്‍ കോര്‍പറേറ്റുകള്‍ക്ക് തുച്ഛവിലക്ക് യഥേഷ്ടം കര്‍ഷക ഭൂമി വാങ്ങിക്കൂട്ടാനാകും. രാജ്യത്ത് നവലിബറല്‍ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയതോടെ വ്യവസായത്തിന്റെ പേരില്‍ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകളടക്കം ഭൂമികളുടെ അവകാശം നാമമാത്ര വില നല്‍കി വന്‍തോതില്‍ കോര്‍പറേറ്റുകള്‍ കൈവശപ്പെടുത്തിത്തുടങ്ങിയപ്പോള്‍, ഇതിനെതിരെ അരങ്ങേറിയ കര്‍ഷക സമരമാണ് 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടു വരാന്‍ യു പി എ സര്‍ക്കാറിനെ നിര്‍ബന്ധിതമാക്കിയത്. അന്ന് കര്‍ഷക സമരത്തെ പി ജെ പിയും പിന്തുണച്ചതാണ്. ഇന്നിപ്പോള്‍ തങ്ങളെ അധികാരത്തിലേറാന്‍ സഹായിച്ച കോര്‍പറേറ്റുകള്‍ക്ക് വേണ്ടി പ്രസ്തുത ബില്ലിന്റെ ലക്ഷ്യത്തെ തന്നെ അട്ടിമറിക്കുയാണ് ബി ജെ പി സര്‍ക്കാര്‍. പ്രത്യേകിച്ചു വ്യവസായത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് സമൂഹികാഘാതപഠനം വേണ്ടെന്ന് വെക്കുന്നതോടെ ഇരുപ്പൂവോ മുപ്പൂവോ കൃഷിചെയ്യുന്ന ഭൂമി പോലും കുത്തകകള്‍ക്ക് അനിയന്ത്രിതമായി ഏറ്റെടുക്കാനാകും. ഇത് കര്‍ഷക മേഖലക്ക് ഏല്‍പിക്കുന്ന ആഘാതം ദൂരവ്യാപകമായിരിക്കും.
പ്രതിപക്ഷത്തില്‍ വിള്ളലുണ്ടാക്കി രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയെടുക്കാമെന്നയിരുന്നു സര്‍ക്കാറിന്റെ കണക്കു കൂട്ടല്‍. പ്രതിപക്ഷം ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കുകയും ചില ഭരണപക്ഷാനുകൂല പാര്‍ട്ടികള്‍ പോലും ഭേഗഗതിക്കെതിരെ പ്രതിപക്ഷത്തോടൊപ്പം നിലയുറപ്പിക്കുകയും ചെയ്തതോടെ സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. രാജ്യസഭയില്‍ പരാജയപ്പെട്ട നിയമം ജനാധിപത്യ മൂല്യങ്ങളെ അവമതിച്ചു നിരന്തരം ഓര്‍ഡിനന്‍സിലൂടെ നിലനിര്‍ത്താനുള്ള നീക്കത്തിനെതിരെ കോടതിയും ഇടപെട്ടു കഴിഞ്ഞു. ഓര്‍ഡിനന്‍സ് വീണ്ടും പുതുക്കാതെ ബില്‍ നീട്ടിവെക്കുകയോ, പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്തുന്ന സമൂല മാറ്റത്തിന് വിധേയമാക്കുകയോ ആണ് കേന്ദ്രത്തിന് മുമ്പില്‍ ഇനിയുള്ള മാര്‍ഗങ്ങള്‍. രണ്ടായാലും സര്‍ക്കാറിന്റെ പരാജയമാണ്. കര്‍ഷകരോടും കാര്‍ഷിക മേഖലയോടുമുള്ള പ്രതിബദ്ധത എന്നതിലുപരി ബി ജെ പി സര്‍ക്കാറിനെ പ്രഹരിക്കാന്‍ ലഭിച്ച അവസം സമര്‍ഥമായി വിനിയോഗിക്കുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെങ്കിലും അവരെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇതിന് സഹായകമായത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷക താത്പര്യങ്ങളെ പാടേ അവഗണിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ നിന്ന് അവിചാരിതമായ തിരിച്ചടി നേരിട്ടേക്കാമെന്ന മുന്നറിയിപ്പാണ് ഈ ബില്ലിന്റെ കാര്യത്തില്‍ മോദി സര്‍ക്കാറിനേറ്റ തുടര്‍ച്ചയായ പരാജയം.