പെരുന്നാള്‍ തിരക്കിലമര്‍ന്ന് നഗരം

Posted on: July 17, 2015 8:42 am | Last updated: July 17, 2015 at 8:42 am
മിഠായിത്തെരുവില്‍ ഇന്നലെയനുഭവപ്പെട്ട പെരുന്നാള്‍ തിരക്ക്‌
മിഠായിത്തെരുവില്‍ ഇന്നലെയനുഭവപ്പെട്ട പെരുന്നാള്‍ തിരക്ക്‌

കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തിന് മോടികൂട്ടാന്‍ ജനം ഒഴുകിയെത്തിയതോടെ നഗരം തിരക്കില്‍ വീര്‍പ്പ് മുട്ടി. പ്രധാന വാണിജ്യ കേന്ദ്രങ്ങളായ മിഠായിത്തെരുവിലും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തും പാളയത്തും മാവൂര്‍ റോഡിലും കല്ലായിയിലുമെല്ലാം വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കമ്മീഷണര്‍ ഓഫിസ് പരിസരം, മിഠായിത്തെരുവ്, പാളയം എന്നിവിടങ്ങളിലെ വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. ഷോപ്പിംഗിനെത്തിയവരെക്കൊണ്ട് നഗരത്തിലെ മാളുകളും നിറഞ്ഞു. വസ്ത്രവിപണിയിലും ചെരുപ്പ്, ഫാന്‍സി കടകളിലുമാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. ഫൂട്‌വെയര്‍ വിപണിയില്‍ തദ്ദേശീയ ഉത്പനങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലായെത്തിയത്. കൂടാതെ മുംബൈയില്‍ നിന്ന് എത്തുന്ന മുന്തിയ ഇനം ചെരുപ്പുകള്‍ക്കും വന്‍ ഡിമാന്റായിരുന്നു. വിവിധ തരം വളകള്‍, മാലകള്‍, മൈലാഞ്ചികള്‍ എന്നിവക്കെല്ലാം ആവശ്യക്കാര്‍ ഏറെയായിരുന്നു.