ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കുന്നു: പെരുന്നാള്‍ അവധിദിന യാത്രകള്‍ മുടങ്ങും

Posted on: July 17, 2015 4:34 am | Last updated: July 16, 2015 at 11:36 pm

trainതിരുവനന്തപുരം: ട്രെയിനുകളുടെ റദ്ദാക്കലില്‍ പെരുന്നാള്‍ അവധിദിന യാത്രകള്‍ മുടങ്ങി യാത്രക്കാര്‍ ദുരിതത്തില്‍. ഇറ്റാര്‍സി സ്റ്റേഷനിലെ സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ഒരു മാസമായി ട്രെയിനുകള്‍ റദ്ദാക്കുന്നത്. ഇന്ന് മുതല്‍ 21 വരെയുളള തീയതികളില്‍ ഏഴ് ട്രെയിനുകളുടെ 15 സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കിയത്. നിസാമുദ്ദീന്‍, രപ്തിസാഗര്‍, അഹല്യാനഗരി ട്രെയിനുകളുടെ യാത്രകള്‍ക്കാണ് മുടക്കം. കേരളത്തില്‍ നിന്നുളള ഡല്‍ഹി യാത്രക്കാരെയാണ് സര്‍വീസ് റദ്ദാക്കല്‍ പ്രധാനമായും ബാധിക്കുക. പെരുന്നാളിനോടനുബന്ധിച്ച് ഉത്തരേന്ത്യന്‍ സന്ദര്‍ശനങ്ങളും അജ്മീര്‍, ഹസ്രത്ത് നിസാമുദ്ദീന്‍ ദര്‍ഗകളിലേക്ക് ഉള്‍പ്പെടെയുള്ള തീര്‍ഥാടനം നടത്താനിരുന്നവരുമാണ് ദുരിതത്തിലായിരിക്കുന്നത്. തീര്‍ഥാടനങ്ങള്‍ക്കും വിനോദയാത്രകള്‍ക്കുമായി മലയാളികള്‍ കൂടുതല്‍ പേരും തിരഞ്ഞെടുത്തിരിക്കുന്നതും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയാണ്. യാത്രക്കായുള്ള മറ്റ് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയവരാണ് ട്രെയിന്‍ റദ്ദാക്കിയതറിഞ്ഞ് വെട്ടിലായിരിക്കുന്നത്.
അവസാന നിമിഷം മറ്റ് ഗതാഗത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയാത്ത അവസ്ഥയാണ് പലര്‍ക്കുമുള്ളത്. അങ്ങോട്ട് ട്രെയിനിലും തിരിച്ച് ഫ്‌ളൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഫ്‌ളൈറ്റ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനായി നെട്ടോട്ടമോടുകയാണ്. പലരും യാത്രകള്‍ വേണ്ടെന്ന് വെച്ചുതുടങ്ങി. തിരക്കുള്ള സമയമായതിനാല്‍ മറ്റ് ട്രെയിനുകളിലോ ദീര്‍ഘദൂര സര്‍വീസുകളിലോ ഇനി ഇടം നേടുക ബുദ്ധിമുട്ടാണ്. ഒരു മാസമായി മലയാളികള്‍ ഈ ദുരിതം അനുഭവിക്കാന്‍ തുടങ്ങിയിട്ട്. നിസാമുദ്ദീന്‍ എറണാകുളം മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ 17, 19, 21 തിയതികളിലെ യാത്രയാണ് റദ്ദാക്കിയത്.
നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്‌സ്പ്രസ്, കന്യാകുമാരി-നിസാമുദ്ദീന്‍ തിരുക്കുറല്‍ എക്‌സ്പ്രസ്, കന്യാകുമാരി-ജമ്മുതാവി-ഹിമസാഗര്‍ എക്‌സ്പ്രസ്, എറണാകുളം-നിസാമുദ്ദീന്‍-മംഗളാ-ലക്ഷദ്വീപ് എക്‌സ്പ്രസ,് നിസാമുദ്ദീന്‍ – എറണാകുളം സ്വര്‍ണജയന്തി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ 17 നും എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 18നും സര്‍വീസ് നടത്തില്ല. 19 ന് നിസാമുദ്ദീന്‍- എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസും 20 ന് എറണാകുളം- നിസാമുദ്ദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസും നിസാമുദ്ദീന്‍-കന്യാകുമാരി തിരുക്കുറല്‍ എക്‌സ്പ്രസും സര്‍വീസ് നടത്തില്ല. 21 നുള്ള നിസാമുദ്ദീന്‍- എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, നിസാമുദ്ദീന്‍ എറണാകുളം മില്ലെനിയം എക്‌സ്പ്രസ് എന്നിവയും റദ്ദാക്കി.
തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്കുളള കേരള എക്‌സ്പ്രസിന്റെ 17, 20 തീയതികളിലെ യാത്രയും 20 ന് തിരുവനന്തപുരത്തേക്കുളള മടക്കയാത്രയും റദ്ദാക്കി. 18, 20 തീയതികളില്‍ എറണാകുളം നിസാമുദ്ദീന്‍ മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ് സര്‍വീസ് നടത്തില്ല. ഖൊരക്പൂര്‍ തിരുവനന്തപുരം രപ്തിസാഗര്‍ എക്‌സ്പ്രസിന്റെ 17 നുള്ള യാത്രയും തിരിച്ച് 21 ന് തിരുവനന്തപുരത്ത് നിന്ന് ഖൊരക്പൂരിലേക്കുളള സര്‍വീസും ഒഴിവാക്കി. തിരുവനന്തപുരം ഇന്‍ഡോര്‍ അഹല്യാനഗരി എക്‌സ്പ്രസിന്റെ 18, 21 തീയതികളിലുളള സര്‍വീസും 20 ന് ഇന്‍ഡോറില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള യാത്രയും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു. മധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ ജംഗ്ഷനിലെ സിഗ്‌നല്‍ സംവിധാനത്തിന് കഴിഞ്ഞ മാസം 17നുണ്ടായ അഗ്‌നിബാധയില്‍ തകരാര്‍ പറ്റിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ യാത്ര മുടങ്ങിയവര്‍ക്കായി റെയില്‍വേ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.