ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ പദയാത്രയുമായി വീണ്ടും രാഹുല്‍

Posted on: July 17, 2015 5:22 am | Last updated: July 16, 2015 at 11:25 pm

rahulgandhi_650x400_81437035559ഹനുമാന്‍ഗഢ് (രാജസ്ഥാന്‍): കര്‍ഷകരില്‍ നിന്ന് ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുക്കാന്‍ എന്‍ ഡി എ സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ നടത്തിയ പദയാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളില്‍ നേരത്തെ പദയാത്രകള്‍ പൂര്‍ത്തീകരിച്ച രാഹുല്‍ പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് രാജസ്ഥാനില്‍ പദയാത്ര നടത്തുന്നത്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പദയാത്രയെങ്കിലും യാത്രയില്‍ ബി ജെ പി സര്‍ക്കാറിന്റെ അഴിമതിയും രാഹുല്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
അഴിമതി അനുവദിക്കില്ലെന്ന് പറയുന്ന പ്രധാനമന്ത്രി അഴിമതിക്കു നേരെ മൗനം പാലിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. രാജസ്ഥാനില്‍ എത്തുമ്പോള്‍ അഴിമതി മുഖ്യമന്ത്രിതലത്തിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ട് കിലോമീറ്റര്‍ പദയാത്രയാണ് രാജസ്ഥാനില്‍ സംഘടിപ്പിച്ചത്. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോത്ത്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ്, എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുരുദാസ് കാമത്ത് തുടങ്ങിയവര്‍ യാത്രയെ അനുഗമിച്ചു. ഖോതാവലിയില്‍ നടത്തിയ പൊതുയോഗത്തില്‍ ഗ്രാമീണരില്‍ നിന്ന് രാഹുല്‍ പരാതികള്‍ കേട്ടു.