Connect with us

Articles

തണല്‍ മരങ്ങള്‍ വീഴുമ്പോള്‍ നമുക്കെവിടെയാണ് തെറ്റുപറ്റിയത്?

Published

|

Last Updated

2015 ജൂണ്‍ 26 വെള്ളിയാഴ്ച കോതമംഗലത്തിനടുത്ത് നെല്ലിമറ്റം കോളനിപടിയില്‍ സ്‌കൂള്‍ ബസിന് മേല്‍ വഴിയോര തണല്‍ മരം വീണ് പൊലിഞ്ഞുപോയത് അഞ്ച് കുരുന്ന് ജീവനുകളാണ്. ഒരു പക്ഷേ, ഒഴിവാക്കാമായിരുന്നു അത് എന്ന അഭിപ്രായക്കാരാണ് ജനങ്ങള്‍ ഭൂരിപക്ഷവും. ഇത്തരം അപകടങ്ങള്‍ എങ്ങനെയാണ് ഒഴിവാക്കാനാകുക?
കേരളത്തിലെ സാമൂഹിക വനവത്കരണ പരിപാടികളില്‍ ഒരു കാലത്ത് പ്രധാനമായും പാഴ്ഭൂമികളിലും റോഡരികിലും നട്ടിരുന്നത് അക്കേഷ്യയും യൂക്കാലിപ്റ്റ്‌സുമായിരുന്നു. അക്കേഷ്യയുടെ പൂമ്പൊടി ആളുകളില്‍ അലര്‍ജി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട് വന്നപ്പോള്‍ വനം വകുപ്പ് അതിന്റെ വ്യാപനം നിര്‍ത്തി. എന്നാല്‍ രണ്ട് മരങ്ങളും ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്നു ജലം വലിച്ചെടുക്കുമെന്നതിനാല്‍ അവ നടുന്നത് വരള്‍ച്ച ക്ഷണിച്ചു വരുത്തുമെന്നതില്‍ തര്‍ക്കമില്ല. കേരളത്തിലെ വഴിയോരങ്ങളില്‍ ഇനിയും അക്കേഷ്യ മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്നുവെന്നത് ആപത്കരമാണ്. മരങ്ങളുടെ രൂപം, വേരിന്റ വ്യാപനം, തടിയുടെ ഉറപ്പ്, മരത്തിന്റെ ആയുസ്സ്, കേടുവരാനുള്ള സാധ്യത, അവയുടെ ഫലങ്ങളുടെ വലുപ്പം ഇവയൊന്നും കണക്കിലെടുക്കാന്‍ വഴിയോര തണല്‍ മരങ്ങള്‍ നട്ടുവളര്‍ത്തുമ്പോള്‍ വനം വകുപ്പ് ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആയുസ്സ് കുറഞ്ഞ, മണ്ണിന് മുകളില്‍ വേരോടുന്ന വലിയ ഫലങ്ങള്‍ കായ്ക്കുന്ന മഴവെള്ളം വലിച്ചെടുത്ത് ഭാരം കൂടുമ്പോള്‍ കീറിപ്പോരുന്ന തടിയോടു കൂടിയ മരങ്ങളാണ് മിക്കവാറും വഴിയോരങ്ങളില്‍ തണല്‍ മരങ്ങളായി വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗം നട്ടുവളര്‍ത്തിയത്. തണലും പുഷ്പങ്ങളുടെ നിറവും മാത്രമാണ് മരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാനദണ്ഡമായി കണക്കാക്കിയത്. പാതയോരങ്ങളിലെ മരങ്ങള്‍ അതുകൊണ്ട് തന്നെ കാലവര്‍ഷ കാലത്ത് അപകട ഭീഷണി ഉളവാക്കുന്നവയാണ്. വൈദ്യുതി ലൈനില്‍ മുട്ടുന്നത് കൊണ്ട് തണല്‍ മരങ്ങളുടെ ഒരു വശം എപ്പോഴും മുറിക്കുന്ന അവസ്ഥയുള്ളതിനാല്‍ അവയുടെ ഭാരം അസന്തുലിതമാകുകയും ഇതുമൂലം മുരടോടെ മറിഞ്ഞുവീഴുന്നതിന് ഇടയാകുകയും ചെയ്യുന്നു. വികസനത്തിന്റെ പേരില്‍ കാന കോരുമ്പോള്‍ മുറിച്ചു മാറ്റപ്പെടുന്നത് തണല്‍ മരങ്ങളുടെ നാരായ വേരുകളാണ്. ഇതു കൂടാതെ റോഡ് വീതികൂട്ടുന്ന സമയത്ത്, മരങ്ങളെ പ്രകൃതി കൂടുതല്‍ ബലപ്പെടുത്തിയിരുന്ന റോഡരികിലെ മണ്‍തിട്ടകള്‍ ഇടിച്ചില്ലാതാക്കല്‍, റോഡിന്റെ നിരപ്പിന് ഉയരം വര്‍ധിപ്പിക്കുമ്പോള്‍ മഴക്കാലങ്ങളില്‍ കൂടുതലായുണ്ടാവുന്ന മഴവെള്ളപ്പാച്ചില്‍ മണ്ണൊലിപ്പിന് കാരണമാകുന്നു. ഇത് പലപ്പോഴും തണല്‍ മരങ്ങളുടെ ചുവട്ടിലെ മണ്ണൊലിപ്പിനിടയാക്കുന്നു. ചപ്പുചവറുകള്‍ അടിച്ചുകൂട്ടി മരങ്ങളുടെ ചുവട്ടിലിട്ട് തീ കൊടുക്കല്‍, മരത്തിന്റെ ചുവട് വെട്ടി നിരത്തല്‍, രാസവസ്തുക്കളായ മെര്‍ക്കുറി, മണ്ണെണ്ണ, ആസിഡ് എന്നിവ മനഃപൂര്‍വം മരങ്ങളുടെ ചുവട്ടിലൊഴിക്കല്‍ എന്നീ പ്രവൃത്തികള്‍ പലപ്പോഴും തണല്‍ മരങ്ങളുടെ ബലക്ഷയത്തിന് ഇടവരുത്തുന്നുണ്ട്. ഇത്തരം മരങ്ങള്‍ ചെറിയ കാറ്റില്‍ പോലും നിലം പൊത്താവുന്നതാണ്.
വഴിയോര തണല്‍ മരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില പ്രധാനപ്പെട്ട വസ്തുതകള്‍ കണക്കിലെടുക്കണം. ഇത്തരം മരങ്ങള്‍ ഇലയിലും തണ്ടിലും തടിയിലും പൊടി പടലങ്ങള്‍ അടിഞ്ഞുകൂടാന്‍ ഇടം നല്‍കുന്നവയായിരിക്കണം. വാഹനങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പുകയും പൊടിയും ചെറുക്കുന്നവയാകണം.
മലിന വാതകങ്ങളായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ മോണോക്‌സൈഡ്, ഓസോണ്‍ വാതകം, ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവ വലിച്ചെടുക്കാന്‍ കഴിവുള്ളവയായിരിക്കണം പാതയോരത്തെ തണല്‍ മരങ്ങള്‍. അവക്ക് ഉറപ്പുള്ള തടിയുണ്ടായിരിക്കണം. അവയുടെ നാരായ വേര് ആഴത്തില്‍ താഴ്ന്നിറങ്ങണം. അവയുടെ ഇല സീസണനുസരിച്ച് പൊഴിയുന്നവയാവരുത്. അടുത്തടുത്ത് ശാഖോപശാഖകളും ഇലകളും ഉണ്ടാകുന്നവയും കനത്ത തണല്‍ തരുന്നവയുമായിരിക്കണം. അവയുടെ വളര്‍ച്ച മന്ദഗതിയിലായിരിക്കണം. കുറഞ്ഞ ഈര്‍പ്പത്തിലും നല്ല വെയിലിലും തണുപ്പിലും വളരാന്‍ കഴിയുന്നവയായിരിക്കണം. ഫലങ്ങള്‍ ചെറുതും റോഡില്‍ വീണ് പരിസരം വൃത്തികേടാകുന്നവയും ആകരുത്. പൂമ്പൊടി അലര്‍ജി ഉണ്ടാക്കരുത്. അലഞ്ഞുനടക്കുന്ന കന്നുകാലികള്‍ക്ക് അവയുടെ ഇലകളും തണ്ടുകളും ഭക്ഷണയോഗ്യമാകരുത്. അവക്ക് കൂടുതല്‍ കാലം ആയുസ്സുണ്ടായിരിക്കണം. തണല്‍മരങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. കാണാന്‍ ഭംഗിയുള്ള രൂപമുള്ളവയായിരിക്കണം അവ. നിരന്തരം വിവിധ നിറത്തിലുള്ള പൂക്കള്‍ ഉണ്ടാകുന്ന തണല്‍മരങ്ങളാണെങ്കില്‍ അത്യുത്തമമായിരിക്കും. തടിയുടെ താഴെ ശിഖിരങ്ങള്‍ കുറവാകുന്നത് നന്ന്. കൂടുതല്‍ ജലം വലിച്ചെടുക്കുന്നവയായിരിക്കരുത് തണല്‍ മരങ്ങള്‍. റോഡരികില്‍ മഴക്കാലത്തുണ്ടാകുന്ന മണ്ണൊലിപ്പ് തടയാനുള്ള ശേഷി അവക്കുണ്ടാകണം. കനത്ത ചൂടും നിമിഷ പ്രളയവും അതിജീവിക്കാനാകണം. ലംബമായി വളരുന്ന തടിയുള്ള മരങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ശക്തമായ കാറ്റിനെയും മഴയെയും അതിജീവിക്കാന്‍ അവക്കാകണം. അവയുടെ ഇലകളും തണ്ടുകളും പൂഴുക്കളുടെയും ഷഡ്പദങ്ങളുടെയും താവളമാകരുത്.
ഇന്ന് വഴിയോരങ്ങളില്‍ നട്ടുവളര്‍ത്തി വളര്‍ന്നുനില്‍ക്കുന്ന പല മരങ്ങളും അപകടകാരികളാണ്. വാക ഇനത്തില്‍ പെട്ട(Dilonix regia) മഞ്ഞവാക (Peltaphora) മഴമരം (Samanan) തുടങ്ങിയ മരങ്ങളാണ് കൂടുതലായി വഴിയോരങ്ങളില്‍ കാണപ്പെടുന്നത്. വാകയും മഴ മരവും ഭൂപ്രതലത്തിലൂടെ വേരോടുന്നവയാണ്. അവയുടെ വലിയ ശാഖകള്‍ക്കിടയില്‍ മഴവെള്ളം ഒലിച്ചിറങ്ങി ദ്രവിക്കുന്നതിന് വന്‍ സാധ്യതയാണുള്ളത്. മിക്കവാറും ഇത്തരം വന്‍മരങ്ങളുടെ ഉള്ള് പൊള്ളയായിരിക്കും. മഴവെള്ളം വലിച്ചെടുത്ത് കഴിയുമ്പോള്‍ അവയുടെ ശിഖരങ്ങള്‍ക്ക് ഭാരം വര്‍ധിക്കുകയും അത് പ്രധാന തടിയില്‍ നിന്നും കീറിപ്പോകുന്നതിന് ഇടവരുത്തുകയും ചെയ്യും. ഈ പ്രവണത ഉശഹീിശഃ ൃലഴശമ എന്ന മരത്തിന് വളരെ കൂടുതലാണ്. നമ്മുടെ നകരങ്ങളില്‍ ഏറിയ പങ്കും ഇത്തരം തണല്‍മരങ്ങളാണുതാനും. ഇന്ന് വളര്‍ന്നു പന്തലിച്ചുനില്‍ക്കുന്ന പല തണല്‍മരങ്ങളുടെയും ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്. അവയുടെ കേടുവന്ന വന്‍ ശിഖരങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നവയാണ്. റോഡരികിലെ മരങ്ങളുടെ ചുവട് തറകെട്ടി സംരക്ഷിക്കാത്തതും അസന്തുലിതമായി അവയുടെ ശിഖരങ്ങള്‍ മുറിക്കുന്നതും മഴക്കാല പൂര്‍വ പരിചരണം മരങ്ങള്‍ക്ക് നല്‍കാത്തതും സമയാസമയങ്ങളില്‍ ശിഖരങ്ങള്‍ വെട്ടിനിര്‍ത്താത്തതും സാമൂഹികവിരുദ്ധര്‍ മരങ്ങള്‍ നശിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ തടയാന്‍ സംവിധാനമില്ലാത്തതും മൂലം സംസ്ഥാനത്തെ പല തണല്‍മരങ്ങളും അപകടാവസ്ഥയിലാണ്. എന്നാല്‍, ശരിയായ സംരക്ഷണം നല്‍കി പരിചരണം നല്‍കുകയാണെങ്കില്‍ ഭൂരിഭാഗം തണല്‍മരങ്ങളെയും രക്ഷിച്ചെടുക്കാനുമാകും.
ഇപ്പോള്‍ മരം വീണ് കുട്ടികള്‍ മരിച്ചതിന്റെ പേരില്‍ സുരക്ഷിതവും കേടുപാടുകള്‍ ഇല്ലാത്തതും അപകട സാധ്യതയില്ലാത്തതുമായ മരങ്ങള്‍ പലതും മറിച്ചുമാറ്റുന്നുണ്ട്. വിദഗ്ധ സമിതിയുടെ ശിപാര്‍ശ ലഭിച്ച ശേഷം യുദ്ധകാലാടിസ്ഥാനത്തില്‍ വഴിയോര തണല്‍മരങ്ങളെ കുറിച്ചുള്ള ആശങ്ക തീര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകണം. ശിഖരം മുറിക്കേണ്ടവ ചുവടോടെ വെട്ടിക്കളയരുത്. മരം വെട്ടുകാരന് അനുകൂലമായി മരങ്ങള്‍ കൂട്ടത്തോടെ മറിച്ചുമാറ്റുന്ന പ്രവണത ഉണ്ടാകരുത്.
കേരളത്തിന്റെ തനതായ മരങ്ങളായ ഏഴിലം പാല, മരോട്ടി, ഇലഞ്ഞി, ഉങ്ങ്, മണിമരുത്, താന്നി, പൂപരുത്തി, രുദ്രാക്ഷം, കുമ്പില്‍, മഹാഗണി, ആല്‍മരം എന്നിവയാണ് വഴിയോര തണല്‍ മരങ്ങളായി തിരഞ്ഞെടുക്കേണ്ടത്. അപകടനിലയിലായ മരം കണ്ടെത്തി മുറിക്കാന്‍ വിദഗ്ധ സമിതിക്ക് അധികാരം നല്‍കുന്ന നിയമഭേദഗതി വരുത്തേണ്ടതുണ്ട്. ഇന്ന് മരത്തിന് അപകടഭീഷണിയുള്ളതായി ആരെങ്കിലും അപേക്ഷ നല്‍കിയാല്‍ മാത്രമേ അപകടത്തിലായ മരങ്ങള്‍ മുറിക്കാനാകൂ. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയാണ് സാധാരണയായി മരങ്ങള്‍ മുറിക്കുന്നതിനായുള്ള ആവശ്യക്കാര്‍ . ഈ വകുപ്പുകള്‍ മരം മുറിക്കന്നതിനു പണം കണ്ടെത്തണം. വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ വിദഗ്ധ സമിതിയുടെ നിരീക്ഷണത്തിലായിരിക്കണം മരം മുറി നടക്കേണ്ടത്.
അപകടത്തിലാകുന്ന മരങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുറിക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം നടത്തണം. ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ കാത്തിരിക്കരുത്. വഴിയോരത്ത് നട്ടുവളര്‍ത്താന്‍ സാമൂഹിക വനവത്കരണ വിഭാഗം തണല്‍മരങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. മരം നട്ട് സംരക്ഷിക്കുകയും പരിപാലിക്കുകയും പരിചരിക്കുകയും നിരീക്ഷിക്കുകയും ചെയ്യേണ്ടത് വനം വകുപ്പിന്റെ ഈ വിഭാഗമാണ്. അതിനുള്ള സാമ്പത്തികം കൂടി ഈ വിഭാഗത്തിന് ലഭ്യമാക്കേണ്ടതുണ്ട്. ഇതിന് വകുപ്പ് മന്ത്രി ശ്രദ്ധിക്കണം. അപകടങ്ങള്‍ ഒഴിവാക്കാന്‍ ദുരന്തനിവാരണ വകുപ്പിനും ഉത്തരവാദിത്വമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാതെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകില്ല.