യു എസ് കോണ്‍ഗ്രസ് ആണവ കരാറിനെ പിന്തുണക്കണമെന്ന് ഒബാമ

Posted on: July 16, 2015 11:13 pm | Last updated: July 16, 2015 at 11:13 pm

obama sirn fortവാഷിംഗ്ടണ്‍: ഇറാനുമായി ധാരണയിലെത്തിയ ആണവ കരാറിനെ പിന്തുണക്കണമെന്ന് യു എസ് കോണ്‍ഗ്രസിനോട് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടു. ശക്തമായ നയതന്ത്ര നീക്കങ്ങളുടെയും നേതൃത്വത്തിന്റെയും ഫലമാണ് ആണവ കരാറെന്ന് അദ്ദേഹം വ്യക്തമാക്കി.
യു എസ് കോണ്‍ഗ്രസിലെ ഹൗസ് ഓഫ് റപ്രസന്റേറ്റീവും സെനറ്റ് ബ്രാഞ്ചും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കീഴിലാണ്. യു എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിച്ചെങ്കില്‍ മാത്രമേ കരാര്‍ നിലവില്‍ വരികയുള്ളൂ. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ പിന്തുണക്ക് വേണ്ടി ഒബാമ നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇറാന്‍ ആണവ കരാറിനെതിരെയുള്ള ഏത് നീക്കവും വീറ്റോ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആണവ കരാറിലെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യ വീണ്ടും കലുഷിതമാകും. ഇറാന് പുറമെ പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങളും ആണവ ആയുധങ്ങള്‍ നിര്‍മിക്കാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം വരും. അത്തരമൊരു നീക്കം ലോകത്തെ മുഴുവന്‍ ആയുധ നിര്‍മാണത്തിലേക്ക് വേഗം എത്തിക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.