അനാഥര്‍ക്കായി എക്‌സ്ബിഷനിലൂടെ പിരിച്ചെടുത്തത് ആറു ലക്ഷം

Posted on: July 16, 2015 4:44 pm | Last updated: July 16, 2015 at 4:44 pm
എക്‌സിബിഷനില്‍ പങ്കെടുത്തവര്‍
എക്‌സിബിഷനില്‍ പങ്കെടുത്തവര്‍

ദുബൈ: അനാഥരെ സഹായിക്കാനായി എക്‌സ്ബിഷനിലൂടെ ദുബൈ ലേഡീസ് ക്ലബ്ബ് പിരിച്ചെടുത്തത് ആറു ലക്ഷം ദിര്‍ഹം. അനാഥര്‍ക്കും പ്രായപൂര്‍ത്തിയാവാത്ത സാമ്പത്തിക പ്രയാസം നേരിടുന്നവരെയും സഹായക്കാനായാണ് സാലിഹ് ആര്‍ട്ട് പ്രോഗ്രാം എന്ന എക്‌സ്ബിഷനിലൂടെ ലേഡീസ് ക്ലബ്ബ് ലക്ഷ്യമിട്ടത്. സ്വദേശി സമൂഹത്തില്‍ നിന്നു മികച്ച പിന്തുണയാണ് എക്‌സ്ബിഷന് ലഭിച്ചിരുന്നത്. ഡിസൈന്‍സ് ഓഫ് ഹോപ്പ് എന്നതായിരുന്നു പ്രദര്‍ശനത്തിന്റെ വിഷയം. പണം ശേഖരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 21 ഫാഷന്‍ ഡിസൈനര്‍മാര്‍ രൂപകല്‍പന ചെയ്ത അബായകളും ജലാബിയകളുമാണ് വില്‍പനക്കായി പ്രദര്‍ശിപ്പിച്ചിരുന്നത്. ഓരോരുത്തരും 20ല്‍ അധികം വസ്ത്രങ്ങളാണ് രൂപകല്‍പന ചെയ്തത്. ഒരെണ്ണത്തിന് ചുരുങ്ങിയത് 1,000 ദിര്‍ഹമായിരുന്നു വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ തുകയിലും വളരെ കൂടിയ വിലക്കാണ് ഇവയെല്ലാം വിറ്റുപോയത്.
എക്‌സ്ബിഷന്റെ ഭാഗമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരവും പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിരുന്നു. നാലു വയസിനും 16 വയസിനും ഇടയിലുള്ള അനാഥകുട്ടികളായിരുന്നു പങ്കെടുത്തത്. തങ്ങളുടെ കലാഅഭിരുചി പൊതുജനങ്ങളില്‍ എത്തിക്കാനും ഇതിലൂടെ അവര്‍ക്കായി. യു എ ഇ ജന്‍ഡര്‍ ബാലന്‍സ് കൗണ്‍സിലിന്റെയും ദുബൈ വിമണ്‍സ് എസ്റ്റാബ്ലിഷ്‌മെന്റിന്റെയും പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഭാര്യയുമായ ശൈഖ മനാല്‍ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമായിരുന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.