ക്രീക്കിലെ തീപിടുത്തം: അന്വേഷണത്തിന് ദുബൈ കസ്റ്റംസ് സമിതിയെ നിയമിച്ചു

Posted on: July 16, 2015 4:42 pm | Last updated: July 16, 2015 at 4:42 pm

ദുബൈ: രണ്ടു ദിവസം മുമ്പുണ്ടായ ക്രീക്കിലെ തീപിടുത്തത്തെക്കുറിച്ചന്വേഷിക്കാന്‍ ദുബൈ കസ്റ്റംസ് പ്രത്യേക സമിതിയെ നിയമിച്ചു. മൂന്ന് നൗകകള്‍ പൂര്‍ണമായും അഗ്നിക്കിരയായ സംഭവത്തില്‍ കോടിക്കണക്കിന് ദിര്‍ഹമിന്റെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇറാനുള്‍പെടെയുള്ള സ്ഥലങ്ങളിലേക്ക് കയറ്റിയയക്കാനുള്ള വസ്ത്രങ്ങള്‍, ഇലക്‌ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ എന്നിവ കയറ്റിയ നൗകകളാണ് കത്തിയമര്‍ന്നത്. നൗകകളില്‍ തുടങ്ങിയ തീ പ്ലാറ്റ് ഫോമില്‍ കൂട്ടിയിട്ട സാധനങ്ങളിലേക്കു കൂടി പടര്‍ന്നതാണ് നഷ്ടം കനത്തതാകാന്‍ ഇടയാക്കിയതെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
മരംകൊണ്ട് നിര്‍മിച്ച പരമ്പരാഗത നൗകകള്‍ കൈകാര്യം ചെയ്യുന്നവര്‍ പലപ്പോഴും അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ മറികടക്കുന്നത് പലപ്പോഴും പലതരം അപകടങ്ങളിലേക്ക് നയിക്കാറുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, പരിധികപ്പുറം ഭാരങ്ങള്‍ കയറ്റുക തുടങ്ങിയവയാണ് ഇവരില്‍ നിന്നുണ്ടാകുന്ന നിയമലംഘനങ്ങള്‍. ഏതായാലും സംഭവത്തിന്റെ പശ്ചാതലത്തില്‍ ദുബൈയിലേക്ക് വരുന്നതും ഇവിടെ നിന്ന് പോകുന്നതുമായ ഇത്തരം നൗകകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകളും മറ്റും വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ നിശ്ചയിച്ച സമിതി തങ്ങളുടെ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.
തീ പിടുത്തത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ തോത് തുടങ്ങിയവയാണ് സമിതിയുടെ അന്വേഷണ പരിധിയില്‍ വരികയെന്ന് ദുബൈ കസ്റ്റംസ് ഔദ്യോഗിക വക്താവ് ഖലീല്‍ സഖ്ര്‍ ബിന്‍ ഗരീബ് വ്യക്തമാക്കി.