മഞ്ജു മെഹ്‌റ നാട്ടിലേക്ക് തിരിച്ചു; മാറിയ മനസ്സുമായി

Posted on: July 16, 2015 10:00 am | Last updated: July 16, 2015 at 10:25 am

കോഴിക്കോട്; സഹോദരനും ബന്ധുക്കള്‍ക്കുമൊപ്പം മഞ്ജു മെഹ്‌റ നാട്ടിലേക്ക് തിരിച്ചത് മാറിയ മനസ്സുമായാണ്. കുതിരവട്ടത്തെ മതില്‍കെട്ടിനകത്ത് നിന്ന് സന്തോഷത്തോടെ പുറത്തിറങ്ങുമ്പോള്‍ പലരോടും നന്ദി പറയണമെന്നുണ്ട് മെഹ്‌റക്ക്. വഴിതെറ്റി തലശ്ശേരി റയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു യു പി ഗാസിയാബാദ് ജില്ലക്കാരിയായ മഞ്ജു മെഹ്‌റ.
ഏതാനും വര്‍ഷമായി മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്ന ഈ 41 കാരി കഴിഞ്ഞ മാര്‍ച്ചില്‍ സമീപത്തെ ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ടെലിവാലിയിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. റയില്‍വെ സ്റ്റേഷനില്‍ അലക്ഷ്യമായി നടക്കുന്നത് കണ്ട പോലിസാണ് ഇവരെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നാലു മാസത്തെ ചികിത്സക്കു ശേഷം, തന്നെ കൊണ്ടുപോവാനെത്തിയ സഹോദരനും ബന്ധുക്കള്‍ക്കുമൊപ്പം അവര്‍ ഇന്നലെയാണ് ജന്‍മനാട്ടിലേക്ക് യാത്ര തിരിച്ചത്.
അധികൃതരുടെ നിരന്തരമായ പരിശ്രമങ്ങള്‍ക്കൊടുവിലാണ് നാലു മാസത്തിനു ശേഷം യു പിയിലെ ബന്ധുക്കളെ കണ്ടെത്താനായത്. ആശുപത്രിയിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ ഷോബിത നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുകയായിരുന്നു. ഗാസിയാബാദ് പോലിസ് സ്റ്റേഷന്‍ വഴി നടത്തിയ ശ്രമങ്ങള്‍ അവസാനം കാന്തഹാറിലെ ടെലിവാലി സ്ട്രീറ്റില്‍ കളിയുന്ന മഞ്ജുമെഹ്‌റയുടെ സഹോദര പുത്രന്‍ രോഹിത് എത്തിയതോടെയാണ് മഞ്ജുവിന് വീടണയാന്‍ വഴിതുറന്നത്. ഇനിയൊരിക്കലും വീട്ടിലേക്ക് മടങ്ങാനാവില്ലെന്നായിരുന്നു തന്റെ കണക്കുകൂട്ടലെന്ന് മഞ്ജു പറഞ്ഞു. തന്നെ വീണ്ടും വീട്ടിലെത്തിക്കാന്‍ സഹായിച്ച അധികൃതര്‍ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ലെന്നും കണ്ണീര്‍ തുടച്ച് അവര്‍ പറഞ്ഞു.
സഹോദരി എവിടെപ്പോയെന്നറിയാതെ പരിഭ്രമിച്ചുകഴിയുകയായിരുന്ന തങ്ങള്‍ക്ക് അവര്‍ ഇവിടെ സുരക്ഷിതമായുണ്ടെന്ന വാര്‍ത്ത വലിയ ആശ്വാസമാണ് നല്‍കിയതെന്ന് സഹോദരന്‍ ശൈലേന്ദ്ര കുമാര്‍ പറഞ്ഞു. റെയില്‍വേയില്‍ തൂപ്പു ജോലിക്കാരനാണ് മഞ്ജുവിന്റെ ഭര്‍ത്താവ്. എന്നാല്‍ സ്ഥിരം മദ്യപാനിയായ ഇയാളുടെ പീഡനമാണ് സഹോദരിയുടെ മാനസിക താളം തെറ്റിച്ചത്.
നഷ്ടപ്പെട്ടു പോയെന്നു കരുതിയ സഹോദരിയെ സുരക്ഷിതയായി തങ്ങള്‍ക്ക് തിരികെ നല്‍കിയ അധികൃതര്‍ക്കു മുമ്പില്‍ ചാരിതാര്‍ഥ്യത്തോടെ കൈകൂപ്പിയാണ് അദ്ദേഹം യാത്ര പറഞ്ഞത്. രോഹിത്തിനെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യാസഹോദരനും മകനും ഒപ്പമുണ്ടായിരുന്നു.
കുടുംബത്തില്‍ തിരികെയെത്താന്‍ ഒരിക്കലുമാവില്ലെന്ന ഭീതിയില്‍ ആശുപത്രിയില്‍ നിന്ന് ഒരു തവണ പുറത്തുകടക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നതായി ഷോബിത പറഞ്ഞു. രോഗം പൂര്‍ണമായി ഭേദമായ നൂറിലേറെ മലയാളികള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോഴുമുണ്ടെന്ന് സൂപ്രണ്ട് ഡോ എന്‍ രാജേന്ദ്രന്‍ പറഞ്ഞു.
ബന്ധുക്കള്‍ വന്ന് അവരെ കൂട്ടിക്കൊണ്ടുപോയി സംരക്ഷിക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ ഇവിടത്തെ രോഗികള്‍ക്ക് കുറച്ചുകൂടി ശ്രദ്ധയും സൗകര്യവും നല്‍കാന്‍ ജീവനക്കാര്‍ക്ക് കഴിയുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.