ഇറാന്‍ ആണവ കരാര്‍

Posted on: July 16, 2015 5:09 am | Last updated: July 15, 2015 at 9:39 pm
SHARE

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന തര്‍ക്കത്തിന് പരിഹാരമായിരിക്കുന്നു. ഇറാന്റെ ആണവ പദ്ധതികളില്‍ വന്‍ വെട്ടിക്കുറവ് വരുത്തുന്നതിന് ശാക്തിക രാഷ്ടങ്ങളുമായി ധാരണയിലെത്തിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ, ജര്‍മനി രാഷ്ട്രങ്ങളുടെ പ്രതിനിധികളുമായി വിയന്നയില്‍ നടന്ന നീണ്ട ചര്‍ച്ചക്കൊടുവിലാണ് യൂറോപ്യന്‍ യൂനിയന്‍ നയമേധാവി ഫ്രഡറിക മൊഗേരിനിയും ഇറാന്‍ വിദേശ മന്ത്രി മുഹമ്മദ് ജവാദ് ളരീഫും ഇരു വിഭാഗവും യോജിപ്പിലെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഇതോടെ പാശ്ചാത്യ ലോകവും ഇറാനും തമ്മില്‍ മൂന്നര പതിറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന ശത്രുതക്ക് താത്കാലികമായെങ്കിലും വിരാമമാകുമെന്നാണ് പ്രതീക്ഷ
അമേരിക്കന്‍ സഖ്യ രാഷ്ട്രങ്ങളായ സഊദിയുടെയും ഇസ്‌റാഈലിന്റെയും അമേരിക്കയിലെ തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരുടെയും രൂക്ഷമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ബറാക് ഒബാമ ആണവ കരാര്‍ സാധ്യമാക്കിയത്. ഇതുവരെ പാശ്ചാത്യന്‍ ശക്തികള്‍ അകറ്റിനിര്‍ത്തിയിരുന്ന ഇറാന് കരാര്‍ നിലവില്‍ വരുന്നതോടെ ആഗോള രാഷ്ട്രങ്ങള്‍ക്കിടയില്‍ അംഗീകാരവും രാഷ്ട്രീയ കരുത്തും കൈവരുമെന്നതിനാല്‍ ഇസ്‌റാഈലെന്ന പോലെ സഊദിയും കരാറിനെ ശക്തമായി എതിര്‍ത്തിരുന്നു. ഇപ്പോഴത്തെ ആണവ കരാറിന്റെ ആദ്യപടിയായി 2013 നവംബറില്‍ ജനീവാ കാരാര്‍ ഒപ്പിട്ട വേളയില്‍, ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുകയാണെങ്കില്‍ അതിനുളള പശ്ചാത്തല പിന്തുണ നല്‍കാമെന്ന് സഊദി, ഇസ്‌റാഈലിന് രഹസ്യ ഉറപ്പ് നല്‍കിയിരുന്നതായി ലണ്ടനില്‍ നിന്നും പുറത്തിറങ്ങുന്ന സണ്‍ഡേ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇറാനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നാല്‍ മാത്രമേ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങള്‍ കൂടുതല്‍ ഫലവത്താകൂ എന്ന തിരിച്ചറിവാണ്~ഒബാമയെ ഈ കരാറിലെത്തിച്ചേരാന്‍ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്.
തങ്ങളുടെ ആണവ പദ്ധതികള്‍ ആയുധ നിര്‍മാണത്തിനോ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ചോ അല്ലെന്നും ഊര്‍ജ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. യു എന്‍ ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനകളിലൊന്നും അവിടെ ആണവായുധം നിര്‍മിക്കുന്നതായി കണ്ടെത്തിയിട്ടുമില്ല. എന്നിട്ടും ഇറാനെതിരെ ഉപരരോധം പ്രഖ്യാപിച്ചത് പടിഞ്ഞാറിന്റെ മേധാവിത്വത്തെ തള്ളിപ്പറയാനുള്ള അവരുടെ ധീരമായ നിലപാട് മൂലമാണ്. ഉപരോധം കൊണ്ട് ഇറാനെ ഉദ്ദേശിച്ചത്ര ക്ഷീണമേല്‍പ്പിക്കാനായതുമില്ല. ഉപരോധത്തിന്റെ കാലവയളവിലും ആണവ രംഗത്ത് ഇറാന്‍ വന്‍ മുന്നേറ്റം നടത്തിയെന്നും ആണവായുധം നേടാനുള്ള ശേഷി നേടിക്കഴിഞ്ഞുവെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഇപ്പോള്‍ തിരക്കിട്ട ചര്‍ച്ചകള്‍ക്ക് പാശ്ചാത്യചേരി നിര്‍ബന്ധിതമായത് മൂന്നോ നാലോ മാസം കൊണ്ട് അണുവായുധമുണ്ടാക്കാന്‍ പറ്റുന്ന നിലയിലേക്ക് ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ മുന്നേറിയിരിക്കുന്നു എന്ന് ബോധ്യം വന്നതു കൊണ്ടാണെന്നും പറയപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ സെന്‍ട്രിഫ്യൂജുകള്‍ ഉപയോഗിച്ചുള്ള യുറേനിയത്തിന്റെ സമ്പുഷ്ടീകരണം ഗണ്യമായി വെട്ടിക്കുറക്കുന്നതും ആണവനിലയങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനക്ക് വിധേയമാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ക്ക് സമ്മതിച്ചത് ഇറാന്റെ അടിയറവ് പറച്ചിലായി വിലയിരുത്തുന്നവരുണ്ട്.
പുതിയ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ നയതന്ത്രജ്ഞതയായി ഇതിനെ കാണുന്നവരാണ് മറ്റൊരു വിഭാഗം. ആണവായുധ നിര്‍മാണശേഷി കൈവരിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ ആ മേഖല അല്‍പകാലം മരവിച്ചു നിര്‍ത്തിയാലും, അന്താരാഷ്ട്ര സമൂഹത്തിന്റെ അധികാരത്തോടെ സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കരാര്‍ സഹായിക്കുകയും ഉപരോധത്തെ തുടര്‍ന്ന് മരവിപ്പിക്കപ്പെട്ട 80 ബില്യണ്‍ ഡോളര്‍ ഇറാന് തിരിച്ചു കിട്ടുകയും ചെയ്യും. ഉപരോധം എണ്ണ കയറ്റുമതിയില്‍ വരുത്തിയ കുറവ് പരിഹരിക്കുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഉണര്‍വും കൈവരും. നഷ്ടപ്പെട്ട സാമ്പത്തിക ശക്തി വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. അഫ്ഗാനിലും സിറിയയിലും ഇറാഖിലും അമേരിക്കക്കേറ്റ പരാജയത്തെ തുടര്‍ന്ന് മേഖലയിലെ ശാക്തിക സന്തുലനത്തില്‍ ഇറാന് കൈവന്ന മേധാവിത്വം ഇതോടെ ശക്തിപ്പെടുകയും ചെയ്യും.
ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ എണ്ണ ഉത്പാദനത്തില്‍ വരുത്തിയിരുന്ന വെട്ടിക്കുറവ് കരാറിനെ തുടര്‍ന്ന് പുനഃസ്ഥാപിക്കപ്പെടുന്നത് ഇന്ത്യയുള്‍പ്പെടെ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് ഗുണകരമാണ്. ഇറാനില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ അന്താരാഷ്ട്ര വിപണിയിലിറങ്ങുന്നതോടെ അടുത്ത വര്‍ഷം എണ്ണവിലയില്‍ അഞ്ച് മുതല്‍ പതിനഞ്ച് വരെ ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് വലിയൊരളവോളം അയവ് വരുത്തുന്നതോടൊപ്പം ആഗോള സാമ്പത്തിക മേഖലയിലും ചലനങ്ങളുണ്ടാക്കാന്‍ കരാര്‍ വഴിതുറന്നേക്കുമെന്നതിനാല്‍ അന്താരാഷ്ട്ര സമൂഹവും വ്യാവസായിക മേഖലയും കരാറിനെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.