Connect with us

Malappuram

പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ ലഹരി വില്‍പ്പന വ്യാപകമാകുന്നു

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയം ഗ്യാലറികളില്‍ ലഹരിമാഫിയകളുടെ കൂത്തരങ്ങ്. സ്റ്റേഡിയത്തിന് കെട്ടുറപ്പുള്ള ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലുംകൂടി പ്രധാന മൂന്ന് കവാടങ്ങളും എന്നും തുറന്ന് കിടക്കുന്നു. ചേര്‍ന്ന് കിടക്കുന്ന ഈ സ്റ്റേഡിയത്തിലെ ഗ്യാലറികളില്‍ സുഖമായിരുന്നാണ് പലരും ലഹരി നുണയാന്‍ എത്തുന്നത്.
നഗരത്തില്‍ നിന്നും ഒരു വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന പെരിന്തല്‍മണ്ണ ഇ എം എസ് വിദ്യാഭ്യാസ സമുച്ചയത്തിലെ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് ഹൈസ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കുളിക്കാനും ഉല്ലസിക്കാനും കൂടിയുള്ളതാണ് ഈ നെഹ്‌റു സ്റ്റേഡിയം. സ്റ്റേഡിയത്തിലേക്ക് ഡ്രില്‍ പിരിയഡുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരി പദാര്‍ഥങ്ങളുടെ ബാലപാഠം ഇവിടങ്ങളില്‍ നിന്നാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ തന്നെ ഈ സത്യം മറച്ചുവെക്കാതെ പുറത്ത് വിടുന്നവരും അവരുടെ ഇടയിലുണ്ട്. മൈതാനത്തിന്റെ നടുവിലൂടെ മാര്‍ക്കറ്റിലേക്കും മണലിക്കുഴിത്തോട്ടം ഭാഗങ്ങളിലേക്കും പൊതുജനങ്ങള്‍ നടപ്പാതയായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഗ്യാലറികളിലെ സംഭവ വികാസങ്ങള്‍ തീരെ ശ്രദ്ധിക്കാറുമില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ നിത്യതാവളം കൂടിയാണിത്. ഗ്യാലറികളില്‍ നിറയെ മദ്യകുപ്പികളും ബീഡികുറ്റികളും മറ്റു പാക്കറ്റ് ലഹരികളുടെ അവശിഷ്ടങ്ങളും ധാരാളമായി കാണുന്നുണ്ട്.
സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ ക്ലാസ് കട്ട് ചെയ്ത് വന്നിരിക്കുന്നുണ്ടോ എന്നു പോലും സംശയിക്കേണ്ടതുണ്ട്. പോലീസ് നിരീക്ഷണം അനിവാര്യമായ ഒരവസ്ഥയിലേക്ക് നെഹ്‌റു സ്റ്റേഡിയം മാറികഴിഞ്ഞു. നിലവിലുള്ള ഗേറ്റുകള്‍ക്ക് അടിയന്തരമായി നിയന്ത്രണം ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഈ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ സാക്ഷ്യം വഹിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.