Connect with us

Kozhikode

റിയാദ് ജയിലില്‍ നിന്ന് വിജയന്‍ മോചിതനായി

Published

|

Last Updated

നാദാപുരം: മയക്ക് മരുന്ന് കടത്തിയെന്ന കേസില്‍ ജയിലിലായ നിരപരാധിയായ മലയാളി സ്‌പോണ്‍സറുടെ സഹായത്താല്‍ ജയില്‍ മോചിതനായി.പുറമേരി പാറച്ചാലില്‍ വിജയ(48)നാണ് മൂന്നാഴ്ച റിയാദ് മലാസില്‍ ജയിലില്‍ കിടന്ന ശേഷം മോചിതനായത്. ഇനിയൊരിക്കലും വെളിച്ചം കാണില്ലെന്ന് പലരും കരുതിയ വിജയന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുകയാണിപ്പോള്‍. ജൂണ്‍ ആറിനാണ് ട്രക്ക് ഡ്രൈവറായ വിജയന്‍ എക്‌സിസ്റ്റ് 15 ല്‍ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് മറ്റൊരിടത്ത് സാധനങ്ങള്‍ കൊണ്ടു പോകുന്നതിനായി കാത്തു നില്‍ക്കുന്നതിനിടെ രണ്ട് ഇറാഖികള്‍ വാടകക്ക് വിളിച്ചു. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളായിരുന്നു കയറ്റിയത്. യാത്ര ആരംഭിച്ചപ്പോള്‍ മലാസില്‍ വെച്ച് പോലീസ് വാഹനം തടഞ്ഞു. ഫര്‍ണീച്ചറിനുള്ളില്‍ മയക്ക് മരുന്ന് കയറ്റിയ വിവരം അപ്പോഴാണ് വിജയനറിയുന്നത്. മൂവരേയും പോലീസ് കൊണ്ടു പോയി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇറാഖി പൗരന്‍മാരെ പിന്തുടര്‍ന്നതായിരുന്നു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ വിജയനാകാത്തതിനാല്‍ പോലീസ് കസ്റ്റഡിയിലായി. തുടരന്വേഷണത്തില്‍ വിജയന്‍ നിരപരാധിയെന്ന് ബോധ്യമായി. പിന്നീടാണ് മലാസ് ജയിലിലേക്ക് മാറ്റിയത്.
വാഹനവുമായ പോയ വിജയനെ കാണാതായ വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായി. നാട്ടില്‍ നിന്ന് ബന്ധുക്കള്‍ എം പി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഫോണ്‍ വഴി സ്‌പോണ്‍സറെയും സുഹൃത്തുക്കളേയും ബന്ധപ്പെടാനായത്. വിജയന്‍ നിരപരാധിയാണെന്നറിയാവുന്ന സ്‌പോണ്‍സര്‍ ജയില്‍ മോചനത്തിനുള്ള സൗകര്യങ്ങള്‍ ചെയ്യുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരായ രാജീവ്, അസീസ് കോഴിക്കോട്, ലത്തീഫ് തെച്ചി, ജയപ്രദീഷ്,ദിനേഷ്, മുസ്തഫ, അബ്ദുല്‍ അസീസ് ഉള്‍പ്പെടെയുള്ളവരും വിജയനെ പുറത്തിറങ്ങാന്‍ സഹായിച്ചു. കഴിഞ്ഞ ദിവസം നടന്ന ഇഫ്താര്‍ വിരുന്നില്‍ സത്യം തുറന്നു പറയുമ്പോള്‍ വിജയന്‍ വിതുമ്പുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.